
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട പോളിംഗിൽ ജില്ലയിലെ രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖർ വോട്ടു രേഖപ്പെടുത്തി.പ്രമുഖ നേതാക്കളിൽ ഭൂരിഭാഗം പേരും രാവിലെ തന്നെ വോട്ട് ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തൃപ്പെരുന്തുറ ഗവ.എൽ.പി.എസിലെ ഒന്നാം നമ്പർ ബൂത്തിൽ രാവിലെ 8.40 ഒാടെ ഭാര്യ അനിത രമേശ്, മൂത്തമകൻ ഡോ.രോഹിത്ത് എന്നിവർക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. കെ.സി.വേണുഗോപാൽ എം.പി. കണിയാംകുളം എൻ.എസ്.എസ് ഹാളിൽ വോട്ട് ചെയ്തു. മന്ത്രി തോമസ് എെസക് എസ്.ഡി.വി ബോയ്സ് എച്ച്.എസിൽ രാവിലെ 9 ന് വോട്ട് രേഖപ്പെടുത്തി.മന്ത്രി പി.തിലോത്തമൻ ചേർത്തല തെക്ക് പഞ്ചായത്ത് വി.വി ഗ്രാമം എെ.ടി.സി ബൂത്തിൽ വോട്ട് ചെയ്തു. എ .എം. ആരിഫ് എംപി, ഭാര്യ ഡോ.ഷഹനാസ്, മകൻ സൽമാൻ, മകൾ റിസ്വാന എന്നിവർക്കൊപ്പം ഇരവുകാട് ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ വോട്ടു രേഖപ്പെടുത്തി. സിനിമ സംവിധായകൻ ഫാസിലും മകൻ ഫർഹാൻ ഫാസിലും ലിയോതേർട്ടിന്ത് എൽ.പി.എസിലും യു.പ്രതിഭ എം.എൽ.എതകഴി കാർമ്മൽ കോൺവെന്റ് സ്‌കൂളിലും വോട്ട് ചെയ്തത്.
ഉച്ചയ്ക്കാണ് മന്ത്രി ജി.സുധാകരൻ,എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,വയലാർ രവി എം.പി എന്നിവർ വോട്ട് ചെയ്തത്. മന്ത്രി ജി.സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും കളർകോട് ചിന്മയ സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്‌കൂളിലാണ് വോട്ട് ചെയ്തത്. ഭാര്യ പ്രീതി നടേശനും മകനും ബി.ഡി.ജെ.എസ് അദ്ധ്യനുമായ തുഷാർ വെള്ളാപ്പള്ളിയും ഒപ്പം ഉണ്ടായിരുന്നു. വയലാർ രവി എം.പി പണിക്കവീട്ടിൽ സെന്റ് സെബാസ്റ്റ്യൻസ് പബ്‌ളിക് സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വി.എസ് ഇത്തവണ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ലെങ്കിലും മകൻ ഡോ.വി എ.അരുൺകുമാർ, മരുമകൾ രജനി എന്നിവർ പുന്നപ്ര വടക്ക് പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിൽ വോട്ടുചെയ്തു.