ആലപ്പുഴ:ആറു മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ വോട്ടെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കും കരുതലിനും തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം വോട്ടു ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.
പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാർഡ് ബൂത്ത് ഒന്നിൽ ( ചിന്മയ സ്‌കൂൾ, തൂക്കുകുളം) വോട്ട് ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളുംപാലങ്ങളും പണിത, ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയ എൽ.ഡി.എഫ് സർക്കാരിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനം വോട്ടു ചെയ്യും. പെട്രോളിനും ഡീസലിനും വില വർദ്ധിച്ചതും പാചകവാതകത്തിന് വില വർദ്ധിപ്പിച്ചതും ബി.ജെ.പിക്ക് തിരിച്ചടിയാകും.എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വോട്ടു മറിക്കുകയാണ് ബി.ജെ.പിയും കോൺഗ്രസും .ബി.ജെ.പിയുടെ പല വാർഡുകളും നഷ്ടപ്പെടും. രാഷ്ടീയ ബോധമുള്ള ജനതയാണ് ആലപ്പുഴയിലുള്ളത്. പ്രതിപക്ഷ നേതാവ് ഉന്നതങ്ങളിലാണ് വിഹരിക്കുന്നത്. കുറ്റം ചെയ്തവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ ശിക്ഷ അനുഭവിച്ചോട്ടെ.എൽ.ഡി.എഫ് സർക്കാരിന് ഭയക്കേണ്ട ഒരു കാര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പത്നി ജൂബിലി നവപ്രഭയ്ക്കൊപ്പമാണ് സുധാകരൻ വോട്ടുചെയ്യാനെത്തിയത്.