s

ആലപ്പുഴ : തിരഞ്ഞെടുപ്പിനെ ജില്ലയിലെ വോട്ടർമാർ ആവേശത്തോടെ സമീപിച്ച കാഴ്ചയാണ് പോളിംഗ് ദിനമായ ഇന്നലെ രാവിലെ മുതൽ കാണാനായത്. ഭൂരിഭാഗം ബൂത്തുകളിലും രാവിലെ 7 മണിയോടെ തന്നെ പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. കനത്ത പോളിംഗ് ട്രെൻഡ് ഉച്ചവരെ നിലനിന്നതോടെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിംഗ് നിരക്കിലേക്ക് ജില്ല കുതിച്ചു. കാലാവസ്ഥയും അനുകൂലമായിരുന്നു. വോട്ടർമാർ കൂട്ടത്തോടെ എത്തിയതോടെ മിക്ക ബൂത്തുകളിലും സാമൂഹിക അകലം ലംഘിക്കപ്പെട്ടു. പലേടത്തും പൊലീസ് ഇടപെട്ട് കർശന നിർദേശം നൽകിയിട്ടും ഫലം കണ്ടില്ല. സ്ഥല സൗകര്യമില്ലാത്ത ബൂത്തുകളിൽ ക്യൂ റോഡിലേക്കും നീണ്ടു. ബൂത്തുകളിലെത്തിയ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മുൻഗണന നൽകി. ഉച്ചയ്ക്ക് ശേഷം തെല്ല് മന്ദഗതിയിലായെങ്കിലും വൈകുന്നേരത്തോടെ വീണ്ടും പോളിംഗ് കുതിച്ചുയർന്നു.

കരുതലോടെ ഉദ്യോഗസ്ഥർ

കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ, ഏജന്റുമാർ എന്നിവർ ഫെയ്സ് ഷീൽഡ്, മാസ്ക്ക്, കൈയുറ, സാനിട്ടൈസർ എന്നിവ ധരിച്ച് പൂർണ കരുതലിലായിരുന്നു. ബൂത്തിനകത്ത് ഒരു സമയം മൂന്ന് വോട്ടർമാർക്ക് മാത്രമായിരുന്നു പ്രവേശനം. സ്ഥല സൗകര്യം കുറഞ്ഞ ബൂത്തുകളിൽ ഇത് ഒന്നിലേക്ക് ചുരുക്കി. കൊവിഡ് രോഗികൾ വോട്ട് ചെയ്യാനെത്തുമെന്ന് പ്രതീക്ഷയുള്ളതിനാൽ എല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പി.പി.ഇ കിറ്റുകളും സജ്ജമാക്കിയിരുന്നു.