
ആലപ്പുഴ: തിരഞ്ഞെടുപ്പു ദിവസങ്ങളിൽ ആലപ്പുഴയിലെ വലിയ സാന്നിദ്ധ്യമായിരുന്ന ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഇന്നലെ അസാന്നിദ്ധ്യം കൊണ്ടു ശ്രദ്ധേയനായി.
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലായിരുന്നു വി.എസും കുടുംബാംഗങ്ങളും മുമ്പ് വോട്ട് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ പറവൂർ സാന്ത്വനം ബഡ്സ് സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലെ 246-ാം നമ്പർ വോട്ടറായിരുന്നു അദ്ദേഹം. വി.എസ് എത്തിയില്ലെങ്കിലും മകൻ ഡോ. വി.എ. അരുൺ കുമാറും മരുമകൾ രജനിയും വോട്ടുചെയ്തു. പോളിംഗ് ദിവസത്തെ മറ്റൊരു താരമായ കെ.ആർ.ഗൗരിഅമ്മയും ഇക്കുറി വോട്ട് ചെയ്തില്ല. ചാത്തനാടിനടുത്ത് പോളഭാഗം ജെ.ബി.എസിലായിരുന്നു ഗൗരിഅമ്മയുടെ വോട്ട്. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൗരിഅമ്മയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വോട്ടു ചെയ്യാതിരുന്നതെന്ന് ബന്ധുവും സഹായിയുമായ ബേബിദേവരാജ് പറഞ്ഞു. അതേസമയം വി.എസ്. അച്യുതാനന്ദന് പോസ്റ്റൽ വോട്ട് നൽകാൻ നിയമ തടസമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്കും, കൊവിഡ് രോഗികൾക്കും മാത്രമേ പോസ്റ്റൽ വോട്ടിന് അർഹതയുള്ളൂവെന്നും കമ്മിഷൻ പറഞ്ഞു.