
ഹരിപ്പാട്: തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും മാർഗ നിർദേശങ്ങൾ കാറ്റിൽപ്പറന്നു. പോളിംഗ് ബൂത്തുകളിൽ സാമൂഹിക അകലം കടലാസിലൊതുങ്ങി. വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ നിർബന്ധമായും ആറടി അകലം പാലിച്ചു മാത്രമേ നിൽക്കാവു എന്നതായിരുന്നു അധികൃതരുടെ പ്രധാന നിർദേശം. എന്നാൽ ഇത് പലയിടത്തും പാലിക്കാൻ കഴിയാതെ വന്നു. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. വ്യദ്ധർ ഉൾപ്പെടെയുള്ളവരാണ് ഇത്തരം ക്യൂവിൽ നിന്നത്. വോട്ടർമാർ മാസ്ക് ധരിക്കുകയും ഇവർക്ക് സാനിട്ടൈസർ നൽകുകയും ചെയ്തിരുന്നു. എങ്കിലും പല ബൂത്തുകളിലും തിരക്ക് നിയന്ത്രണാതീതമായതോടെ കൊവിഡ് മാന ദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെയായി. പൊലീസുൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാരും പലയിടത്തും കാഴ്ചക്കാരായി നിൽക്കേണ്ടി വന്നു.