ചേർത്തല: എൽ.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലാവില്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി കണ്ടത്. അസംബ്ളി തിരഞ്ഞെടുപ്പിന്റെ പ്രതീതിയും പ്രചാരണ കോലാഹലങ്ങളുമാണ് കാണാനായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡിലെ കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവവും ബന്ധങ്ങളുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡിപി.യോഗം എന്തെങ്കിലും രാഷ്ട്രീയ നിലപാട് പറയാറില്ല. യോഗം നിലപാട് വ്യക്തമാക്കുന്ന തരത്തിലുള്ള സന്ദേശം ആരെയും അറിയിച്ചിട്ടുമില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും നന്നായി പ്രവർത്തിച്ചു. എൻ.ഡി.എയും നന്നായി അദ്ധ്വാനിച്ചു. ബി.ഡി.ജെ.എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് താനല്ല അഭിപ്രായം പറയേണ്ടത്.ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചുള്ള അഭിപ്രായം രാഷ്ട്രീയ ചിന്തകർക്ക് വിട്ടുകൊടുക്കുക.സർക്കാരിന് മാർക്ക് ഇടാൻ അദ്ധ്യാപകനല്ലാത്തതിനാൽ താനില്ല. എന്നാൽ വേണമെങ്കിൽ സർക്കാരിന്റെ ശക്തി അളക്കാനും തിരഞ്ഞെടുപ്പിലൂടെ സാധിച്ചേക്കും.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട് വ്യക്തമാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭാര്യ പ്രീതി നടേശൻ, മകനും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി, മകൾ വന്ദന, മരുമകൾ ആശ എന്നിവരും ഒപ്പമുണ്ടായിരുന്നു.