വോട്ട് ബഹിഷ്കരിച്ച് മണലാടി മഠത്തിപ്പറമ്പ് ലക്ഷംവീട് നിവാസികൾ
കുട്ടനാട്: രാഷ്ട്രീയം മറക്കണമെങ്കിൽ അത് തിരഞ്ഞെടുപ്പ് ദിനത്തിൽ തന്നെ വേണം. അതാണ് മണലാടി മഠത്തിപ്പറമ്പ് ലക്ഷംവീട് കോളനി നിവാസികൾ ചെയ്തത്. നാൽപ്പത്തഞ്ചോളം വരുന്ന അവർ കുടുംബസമേതം വോട്ട് ബഹിഷ്കരിച്ചു. തീർന്നില്ല, എല്ലാവരും ചേർന്ന് രാഷ്ട്രീയ ഭേദമൊന്നുമില്ലാതെ റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു.
റോഡ് അനുവദിക്കാത്തതിലാണ് ഇവരുടെ പ്രതിഷേധം.
ഇവിടേക്ക് നല്ലൊരു റോഡ് നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആരും സന്ധി സംഭാഷണത്തിനോ പ്രശ്ന പരിഹാരത്തിനോ രംഗത്തെത്താൻ തയ്യാറായില്ല. രണ്ടു പാടശഖരങ്ങൾക്ക് നടുവിലായി തിങ്ങിപ്പാർക്കുന്ന ഇവർക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.
.......................
മഴപെയ്താൽപോലും കോളനിയിലേക്കുള്ള വഴി കുളമാകും. ഒരു സമയത്തും വെള്ളക്കെട്ട് ഒഴിയാറില്ല. ആർക്കെക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിലെത്തിക്കുന്നതിനുള്ള വാഹന സൗകര്യമില്ല. അധികൃതർക്ക് മുമ്പിൽ പല തവണ നിവേദനങ്ങൾ നൽകി. ഫലമുണ്ടാകാതെ വന്നതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ നിർബന്ധിതരായത്.
കോളനി നിവാസികൾ
.......................