മാവേലിക്കര: കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷകവിരുദ്ധ ബില്ലിനെതിരെയുള്ള ജനങ്ങളുടെ ഹി​തപരി​ശോധനയായി ഭാരത് ബന്ദ് മാറിയെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കേന്ദ്രസർക്കാർ കർഷകരോഷത്തിന് മുന്നിൽ മുട്ടുമടക്കുന്നതിന്റെ സൂചനയാണ് ഇന്നലെ രാത്രി തന്നെ ആഭ്യന്തരമന്ത്രി അമിത്ഷാ കർഷക സംഘടന പ്രതിനിധികളുമായി അടിയന്തര ചർച്ച നടത്തുവാനൊരുങ്ങി​യത്. കർഷകവിരുദ്ധ ബില്ലുകൾ ഉടൻ പിൻവലിക്കണമെന്നും കോച്ചുന്ന തണുപ്പിലും കർഷകരെ നീതിക്കായി യാചിക്കേണ്ട അവസ്ഥയിലെത്തിച്ച കേന്ദ്രസർക്കാർ അവരോട് മാപ്പു പറയണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.