s

ജില്ലയിൽ മികച്ച പോളിംഗ്

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളുണ്ടാക്കിയ ആശങ്കയ്ക്കുമീതേ ജനാധിപത്യത്തിന്റെ ആവേശം ഇരച്ചു കയറിയ പകൽ. തിരഞ്ഞെടുപ്പുകളിലെ 'താര'മായിരുന്ന തിരിച്ചറിയൽ രേഖയ്ക്കു മീതേ മാസ്കും സാനിട്ടൈസറും സാമൂഹിക അകലവും ഇതാദ്യമായി ബൂത്തുകളിൽ നിറഞ്ഞുനിന്ന പകൽ. കനത്ത വെയിലിനോടും ചിലനേരങ്ങളിൽ ചാറിയ മഴയോടും മാറിനിൽക്കാൻ ആജ്ഞാപിച്ച വോട്ടർമാർ ഉറച്ച ബോധത്തോടെ വോട്ടവകാശം വിനിയോഗിച്ചപ്പോൾ, ജില്ലയിൽ രേഖപ്പെടുത്തിയത് 77.32 ശതമാനം പോളിംഗ്.

വോട്ടർമാർ ബൂത്തുകളിലെത്താൻ മടിക്കുമോ എന്നുള്ള സന്ദേഹം അസ്ഥാനത്താക്കി രാവിലേമുതൽ നല്ല തിരക്കാണ് തീരദേശത്തുൾപ്പെടെ ഒട്ടുമിക്ക ബൂത്തുകളിലുമുണ്ടായത്. തെളിഞ്ഞ കാലാവസ്ഥയും കാര്യങ്ങൾ ശുഭകരമാക്കി.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 80.49 ശതമാനമായിരുന്നു പോളിംഗ്.

ഒടുവിൽ കിട്ടിയ വിവരപ്രകാരം ചേർത്തല നഗരസഭയിലാണ് ഏറ്റവും കനത്ത പോളിംഗ്-83.07 ശതമാനം. ബ്ളോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ തൈക്കാട്ടുശേരിയിൽ-82.96 ശതമാനം. ഈ ബ്ളോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും 80 ശതമാനത്തിനു മേലാണ് പോളിംഗ്.

സംഘർഷം ഒഴിഞ്ഞു നിന്നെങ്കിലും രണ്ട് വോട്ടർമാർ മരണമടഞ്ഞതും ഒരു സ്ഥാനാർത്ഥിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതും വേദനയായി. കാർത്തികപ്പള്ളി മഹാദേവികാട് വോട്ടുചെയ്യാനെത്തിയ ആൾ കുഴഞ്ഞു വീണ് മരിച്ചു. കരീലക്കുളങ്ങരയിൽ വോട്ടു ചെയ്യാനെത്തിയ വൃദ്ധ രക്തം ഛർദ്ദിച്ച് മരിച്ചു. ആലപ്പുഴ നഗരസഭയിലെ ഇടതു മുന്നണി സ്ഥാനാർത്ഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇന്നലെ രാവിലെ മുതൽ പല ബൂത്തുകളിലും പൊലീസ് ഇടപെട്ടാണ് സാമൂഹിക അകലം പാലിച്ച് സമ്മതിദായകരെ ക്യൂ നിറുത്തിയത്. ആലപ്പുഴ തൂക്കുകുളം ചിന്മയ സ്കൂൾ ബൂത്തിൽ രാവിലെ 11 മണിയോടെ 35 ശതമനത്തോളം പോളിംഗാണ് നടന്നത്. തീര മേഖലയിലെ ബൂത്തുകളും രാവിലെ മുതൽ ജനനിബിഢമായി. ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ.പി സ്കൂൾ ബൂത്ത്, സീ വ്യൂ, മുല്ലാത്ത് വളപ്പ്, പൂന്തോപ്പ് , മംഗലം ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് പോളിംഗ് ഏറെ സമയം തടസപ്പെട്ടു.

 വോട്ട് ബഹിഷ്കരിച്ചു

റോഡ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടനാട് രാമങ്കരി പഞ്ചായത്ത് ഒന്നാം വാർഡ് മണലാടി മഠത്തിപ്പറമ്പ് ലക്ഷംവീട് കോളനി നിവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. നാൽപ്പത്തഞ്ചോളം വരുന്ന കുടുംബങ്ങൾ ചേർന്ന് രാഷ്ട്രീയ കക്ഷി ഭേദമെന്യേ റോഡിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചുകൊണ്ടായിരുന്നു തിരഞ്ഞടുപ്പ് ബഹിഷ്‌കരണം. ഇവിടേക്ക് നല്ലൊരു റോഡ് നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയോ അല്ലെങ്കിൽ ഉറപ്പ് നൽകുകയോ ചെയ്യാത്ത പക്ഷം തങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കു
പുറമെ തദ്ദേശസ്വയംഭരണ അധികാരികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

...................

 ആദ്യം പതുങ്ങി, പിന്നെ കുതിച്ചു

വോട്ടിംഗ് ആരംഭിച്ച് അഞ്ച് മണിക്കൂൾ പിന്നിട്ടപ്പോൾ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്ന മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വോട്ടിംഗ് ശതമാനം ആലപ്പുഴയിലായിരുന്നു, 39.58 ശതമാനം. മുൻ വർഷങ്ങളിലെ തദ്ദേശ, നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിനെക്കാൾ വേഗത്തിലാണ് വോട്ടിംഗ് ശതമാനം മാറി മറിഞ്ഞത്. വൈകിട്ട് 4ന് പോളിഗ് ശതമാനം 70 കടന്നു. ആറിന് 76.28 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. നഗരസഭകളിൽ ചേർത്തല,ഹരിപ്പാട് എന്നിവിടങ്ങളിലും ബ്ലോക്ക് പഞ്ചായത്തിൽ തൈക്കാട്ടുശേരി, കഞ്ഞിക്കുഴി, പട്ടണക്കാട് എന്നിവിടങ്ങളിലുമാണ് കൂടുതൽ പോളിംഗ് നടന്നത്.

......................

(സമയം,വോട്ടിംഗ് ശതമാനം)

 8.00..................5.1

 9.00................. 8

 10.00...............16

 11.00................31.69

 12.00...............39.68

 1.00..................50

 2.00..................58.48

 3.00..................60

 4.00..................70

 5.00..................75.54

 6.00................. 76.28

......................

പഴയ വോട്ടിംഗ് നില

 2015 തദ്ദേശ തിരഞ്ഞെടുപ്പ് .......80.49 ശതമാനം

 2016 നിയമസഭ............................79.34

 2019 ലോക്സഭ.................................80.2