ചേർത്തല : ചേർത്തലയിൽ വോട്ടിംഗ് യന്ത്റം പണിമുടക്കിയതിനെത്തുടർന്ന് പല ബൂത്തുകളിലും പോളിംഗ് തടസപ്പെട്ടു. രാവിലെ മുതൽ ഭൂരിഭാഗം ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. .പൊലീസിന്റെ കർശന നിയന്ത്രണവും ഇടപെടലുകളും തർക്കങ്ങൾ ഒഴിവാക്കി വോട്ടെടുപ്പ് പൂർത്തിയാക്കുവാൻ സഹായകമായി. മന്ത്റി പി.തിലോത്തമൻ വോട്ട് ചെയ്ത ചേർത്തല തെക്ക് വി.വി ഗ്രാമം ഐ.ടി.സിയിൽ 40 മിനിട്ടോളം വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലും യന്ത്റത്തിന് തകരാർ സംഭവിച്ചതിനാൽ പോളിംഗ് വൈകി.

നഗരസഭയിലെ 4-ാം വാർഡിലെ വോട്ടിംഗ് യന്ത്റങ്ങൾ തകരാറിലായി, 24ാം വാർഡിൽ മൂന്നാമത്തെ യന്ത്റം ഉപയോഗിച്ചാണ് ഒന്നരമണിക്കൂർ വൈകി വോട്ടിംഗ്പുനരാരംഭിച്ചത്. നഗരസഭയിലെ 3,7,30 വാർഡുകളിലെ യന്ത്റങ്ങളും തകരാറിലായി.ബൂത്തുകളിൽ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ തന്നെ തകരാർ കണ്ടെത്തിയതിനാൽ പകരം മാ​റ്റി വയ്ക്കുവാനായി.എന്നാൽ അധികമായി നൽകിയിരുന്ന 15 വോട്ടിംഗ് യന്ത്റങ്ങളിൽ ഭൂരിഭാഗവും തകരാറായത് ഉദ്യോഗസ്ഥരെ വലച്ചു. 24ാം വാർഡിൽ പോളിംഗ് തുടങ്ങിയത് എട്ടരയോടെയാണ്. ആദ്യത്തെ വോട്ടിംഗ് യന്ത്റം തകരാറിലായതോടെ മ​റ്റൊരെണ്ണം കൊണ്ടുവന്നെങ്കിലും ഇതും തകരാറിലായി. പിന്നീട് മൂന്നാമത്തെ യന്ത്റം എത്തിക്കുകയായിരുന്നു.

മന്ത്റി പി.തിലോത്തമൻ ചേർത്തല തെക്ക് വി.വി.ഗ്രാമം ഐ.ടി.സിയിലെ ബൂത്തിൽ ഭാര്യക്കും മകൾക്കും ഒപ്പമെത്തിയാണ് വോട്ട് ചെയ്തത്. എസ്.എൻ.ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,ഭാര്യ പ്രീതി നടേശൻ,മകനും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയുൾപ്പെടെ കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്.മകൾ വന്ദന,മരുമകൾ ആശ തുഷാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.മുൻ കേന്ദ്രമന്ത്റി വയലാർ രവി എം.പി സഹോദരൻ എം.കെ.ജിനദേവിനും കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.ആർ.രാജേന്ദ്രപ്രസാദിനുമൊപ്പമെത്തിയാണ് വയലാർ പണിക്കവീട്ടിൽ സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്. വയലാർ രാമവർമ്മയുടെ ഭാര്യ ഭാരതി തമ്പുരാട്ടിയും മകൻ വയലാർ ശരത് ചന്ദ്രവർമ്മയും വയലാർ തെക്ക് സഹകരണ ബാങ്കിലെ ബൂത്തിൽ വോട്ട് ചെയ്തു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ കടക്കരപ്പള്ളി ഗവ.യു.പി സ്‌കൂളിലും സിനിമ താരം ചേർത്തല ജയൻ തണ്ണീർമുക്കം എൻ.എസ്.എസ് എൽ.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.