കുട്ടനാട്: ഇന്നലെ നടന്ന ത്രിതല തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ കനത്തപോളിംഗ് രേഖപ്പെടുത്തി. തികച്ചും സമാധാനപരമായി നടന്ന വോട്ടെടുപ്പിൽ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചത് വോട്ടെടുപ്പ് തടസപ്പെടുത്തി. കാവാലം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കരിയൂർമംഗലം ബൂത്തിൽ ഉച്ചയ്ക്ക് 12.30ഓടെയാണ് യന്ത്രതകരാർ ഉണ്ടായത്. ഒരു മണിക്കൂറോളം ഇവിടെ പോളിംഗ് തടസ്സപ്പെട്ടു രാമങ്കരി എൻ.എസ്. എസ്. എച്ച്.എസിലെ ബൂത്തിൽ യന്ത്രതകരാറിനെത്തുടർന്ന് കാൽ മണിക്കൂറിലേറെ വൈകിയാണ്‌പോളിംഗ് ആരംഭിച്ചത്. നെടുമുടി വൈശ്യംഭാഗത്തും പോളിംഗ് നടപടികൾക്ക് ഏറെ സമയമെടുക്കുന്നതായി ആക്ഷേപം ഉയർന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി അതിരാവിലെ തന്നെ കനത്തപോളിംഗ് രേഖപ്പെടുത്തി.