ചേർത്തല: കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും ഉദ്യോഗസ്ഥർ വോട്ട് നിഷേധിച്ചതോടെ കളക്ടർ ഇടപെട്ട് പ്രത്യേക അനുവാദം നൽകി വോട്ട് ചെയ്യിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡിലാണ് ആദ്യം തർക്കം ഉയർന്നത്. അച്ഛനും മകനും മരുമകളുമാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാൽ തിങ്കളാഴ്ച വൈകിട്ട് 3ന് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് മാത്രമേ വോട്ട് ചെയ്യാൻ അവസരമുള്ളൂവെന്നാണ് നിർദ്ദേശമെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞതോടെയാണ് തർക്കമായത്. രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇടപെടുകയും പ്രശ്‌നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു.കഞ്ഞിക്കുഴി പഞ്ചായത്തിൽ കൊവിഡ് രോഗികളും ക്വാറന്റൈനിലുള്ളവരുമായി 320 പേരുണ്ടെങ്കിലും അറുപതോളം പേർക്ക് പോസ്​റ്റൽ വോട്ട് ലഭിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ജി.രാജു പറഞ്ഞു. തുടർന്ന് ഇവർക്കെല്ലാം വോട്ട് ചെയ്യാൻ കളക്ടർ അനുമതി നൽകുകയായിരുന്നു.