
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തീരദേശ വാർഡുകളിൽ രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. ആറാട്ടുപുഴ മുതൽ അരൂക്കുറ്റി വരെയുള്ള ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ, ചേർത്തല നഗരസഭകളിലെ തീരദേശ വാർഡുകളിലും 85 മുതൽ 90 ശതമാനം വരെ പോളിംഗ് നടന്നു.
ആദ്യ മണിക്കൂറിൽ തന്നെ തീരദേശത്ത് 10 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. മുതുകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആര്യാട്, കഞ്ഞിക്കുഴി, തൈക്കാട്ടുശേരി, പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള 22 ഗ്രാമപഞ്ചായത്തുകളിൽ വോട്ടിംഗ് നില 80 ശതമാനത്തിന് മുകളിലാണ്.
കൊവിഡ് നിയന്ത്രണവും ലോക്ക്ഡൗണും മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾ, തെറ്റായ മത്സ്യനയത്തിനെതിരെ വിധിയെഴുതിയെന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുമ്പോൾ കഴിഞ്ഞ നാലുവർഷം ഇടത് സർക്കാർ മത്സ്യമേഖലയിൽ നടപ്പാക്കിയ പദ്ധതികളുടെ അംഗീകരമാണ് പോളിംഗ് ശതമാനത്തിലെ വർദ്ധനവെന്ന് എൽ.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു. തീരമേഖലയിൽ മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റു നേടാനാകുമെന്ന വിലയിരുത്തലിലാണ് എൻ.ഡി.എ നേതൃത്വം. പി.ഡി.പി, എസ്.ഡി.പി.ഐ, സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നീ സാന്നിദ്ധ്യങ്ങളും യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ആശങ്കപ്പെടുത്തുന്നു. പി.ഡി.പിക്കും എസ്.ഡി.പി.ഐക്കും കൂടുതൽ സ്വാധീനമുള്ളത് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, വടക്ക്,അരൂക്കുറ്റി പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലെ ചില വാർഡുകളിലുമാണ്. ഇത് യു.ഡി.എഫിനെ കാര്യമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ
ജില്ലയിൽ പോളിംഗ് ശതമാനം വർദ്ധിച്ചപ്പോഴൊക്കെ എൽ.ഡി.എഫിന് അനുകൂലമായിരുന്നു കാര്യങ്ങൾ. ഇത്തവണ കൂടുതൽ പഞ്ചായത്തുകൾ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില പരിശോധിച്ചാൽ മതി. സർക്കാരിന്റെ ഭരണനേട്ടത്തിന് അനുകൂലമായി ജനം വോട്ട് ചെയ്തതുകൊണ്ടാണ് ഇത്തവണയും ശതമാനം വർദ്ധിച്ചത്. എസ്.ഡി.പി.ഐ, പി.ഡി.പി സഹായം യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്
ടി.ജെ.ആഞ്ചലോസ്, ചെയർമാൻ, എൽ.ഡി.എഫ്
പോളിംഗ് ശതമാനം വർദ്ധിച്ചത് എൻ.ഡി.എയ്ക്ക് നേട്ടമാകും. പല സ്ഥലങ്ങളിലും സി.പി.എമ്മും കോൺഗ്രസും ധാരണയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇവരുടെ കൂട്ട് കച്ചവടത്തിന്റെ കണക്ക് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം എൻ.ഡി.എ പുറത്ത് വിടും.
എം.വി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ്, ബി.ജെ.പി
ജില്ലയിൽ യു.ഡി.എഫിന് വലിയ മേധാവിത്വം ലഭിക്കും. ജില്ലാ പഞ്ചായത്തും ആറ് നഗരസഭകളും യു.ഡി.എഫ് ഭരിക്കും. 40 ഗ്രാമപഞ്ചായത്തുകളിലും 12ൽ 7ബ്ളോക്ക് പഞ്ചായത്തുകളിലും യു.ഡി.എഫ് ജയിക്കും. പല നഗരസഭകളിലും ബി.ജെ.പിയുമായി എൽ.ഡി.എഫ് ധാരണ ഉണ്ടാക്കിയാണ് മത്സരിച്ചത്
എം.ലിജു, പ്രസിഡന്റ്, ഡി.സി.സി