
ആലപ്പുഴ: 'പ്രിയ കൂട്ടുകാരെ, എന്നെ വിജയിപ്പിച്ചാൽ സ്കൂളിൽ ശുചിത്വം ഉറപ്പാക്കും. പഠന, പഠനേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കും. വോട്ട് എനിക്കു തരണേ, നമ്മുടെ ചിഹ്നം വിമാനം...'തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർഭ്യർത്ഥനയല്ലിത്, എൽ.പി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റേതാണ്. ചേർത്തല കടക്കരപ്പള്ളി ഗവ. എൽ.പി സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ഒരാഴ്ച വോട്ടു പിടിത്തത്തിന്റെ പുകിലായിരുന്നു. 38 സ്ഥാനാർത്ഥികൾ ഏറ്റുമുട്ടിയ വോട്ടെടുപ്പ് 5ന് നടന്നു. നാളെയാണ് വോട്ടെണ്ണൽ. ഏറ്റവും കൂടുതൽ വോട്ട് നേടുന്നയാൾ പ്രധാനമന്ത്രിയാകും. പ്രതിപക്ഷനേതാവും, സ്പീക്കറും, മന്ത്രിമാരുമൊക്കെയുണ്ട്.
'കുട്ടി അങ്കം' എന്ന പേരിലാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിലായിരുന്നു പോളിംഗ് ബൂത്തെങ്കിൽ ഇത്തവണ കൊവിഡ് കാരണം തിരഞ്ഞെടുപ്പ് ഓൺലൈൻ വഴിയായി. പ്രചാരണം വാട്സാപ്പ് വഴിയും. വാശിയേറിയ ഓൺലൈൻ പ്രചാരണമാണ് നടന്നത്. ചിഹ്നങ്ങൾ കൈയിലേന്തി വോട്ടഭ്യത്ഥിക്കുന്ന കിടിലൻ വീഡിയോകൾ വാട്സാപ്പ് ഗ്രൂപ്പിൽ പറന്നുനടന്നു.ഒരു ക്ലാസിൽ നിന്ന് പരമാവധി നാല് സ്ഥാനാർത്ഥികൾക്കേ മത്സരിക്കാൻ അവസരം നൽകിയുള്ളൂ. സീറ്റ് മോഹികളുടെ എണ്ണം കൂടിയതോടെയാണ് 'ഇലക്‌ഷൻ കമ്മിഷണർ" (അദ്ധ്യാപകൻ) ഇങ്ങനെ പരിമിതപ്പെടുത്തിയത്.
എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ ആകെ 312 വോട്ടർമാരിൽ 280 പേർ സമ്മതിദാനവകാശം വിനിയോഗിച്ചു. 5ന് രാവിലെ ഏഴ് മുതൽ വൈകിട്ട് എട്ട് വരെയായിരുന്നു വോട്ടെടുപ്പ്. പൂവ്, വിമാനം, ബസ്, കാർ, തത്ത, മാമ്പഴം എന്നിവ ചിഹ്നങ്ങൾ.
ഒപ്പം പഠനവും
പ്രചാരണം ആരംഭിച്ച ദിവസം മുതൽ വോട്ടെണ്ണൽ ദിനം വരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം നൽകണമായിരുന്നു. വോട്ടെണ്ണൽ ദിനത്തിൽ പോളിംഗ് ശതമാനം, ലഭ്യമായ വോട്ടുകൾ എന്നിവയുൾപ്പെടുന്ന ഗണിത പ്രവർത്തനങ്ങളായിരുന്നു. രാജകുമാരി ടീച്ചർ തയ്യാറാക്കിയ ബാലറ്റ് പേപ്പറുകൾ വാട്സാപ്പ് വഴി കുട്ടികൾക്ക് അയച്ചു. വോട്ട് ചെയ്ത ബാലറ്റുകൾ അതത് ക്ലാസ് അദ്ധ്യാപകർക്ക് തിരിച്ചയച്ചു.
മന്ത്രിസഭ
ഏറ്റവും കൂടുതൽ വോട്ട് നേടിയ വിദ്യാർത്ഥി വോട്ടെണ്ണൽ ദിവസം തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിദ്യാഭ്യാസം, കൃഷി, ഐ.ടി, സാംസ്കാരികം, ഭക്ഷ്യം, ആരോഗ്യം, കായികം എന്നീ വകുപ്പ് മന്ത്രിമാരെയും അന്ന് തിരഞ്ഞെടുക്കും.
'ഓൺലൈൻ വോട്ടെടുപ്പിൽ കുട്ടികൾ ഏറെ ആവേശത്തിലായിരുന്നു. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ബാബു ഉൾപ്പെടെ പങ്കെടുത്ത മീറ്റ് ദി കാൻഡിഡേറ്റ് ഏറെ അറിവ് പകരുന്നതായി"
കെ.ശ്രീലത, ഹെഡ്മിസ്ട്രസ്
'തിരഞ്ഞെടുപ്പ് പ്രക്രിയ എന്താണെന്ന അവബോധം കുട്ടികളിലുണ്ടാക്കുകയാണ് ലക്ഷ്യം. ഭാഷ, ഗണിതം, മറ്റുള്ളവരെ അഭിമുഖീകരിക്കുക എന്നിവയിലെ വികസനമാണ് പ്രധാനമായും നടക്കുന്നത്"
ജെയിംസ് ആന്റണി, തിരഞ്ഞെടുപ്പ് ചുമതല വഹിച്ച അദ്ധ്യാപകൻ