ആലപ്പുഴ: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ ആറ് സ്പിന്നിംഗ് മില്ലുകളും പ്രവർത്തന ലാഭത്തിൽ. കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ (കെ.എസ്.ടി.സി) കീഴിലുള്ള രണ്ട് മില്ലുകളും നാല് സഹകരണ സ്പിന്നിംഗ് മില്ലുകളുമാണ് നവംബറിൽ പ്രവർത്തന ലാഭം കൈവരിച്ചതായി വ്യവസായ മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
ആധുനികവത്കരണം പൂർത്തിയാക്കിയ ആലപ്പുഴ സ്പിന്നിംഗ് മിൽ സ്വന്തമാക്കിയത് 19.81 ലക്ഷം രൂപയുടെ പ്രവർത്തനലാഭമാണ്. 1999ൽ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങിയതിന് ശേഷം മില്ല് കൈവരിക്കുന്ന ഏറ്റവും വലിയ പ്രവർത്തന ലാഭമാണിത്. കെ.എസ്.ടി.സിയുടെ കീഴിലുള്ള മലബാർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽ 8.5 ലക്ഷം രൂപയുടെയും ചെങ്ങന്നൂർ പ്രഭുറാം മിൽസ് 2.1 ലക്ഷം രൂപയുടെയും ലാഭമാണ് കൈവരിച്ചത്. ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കൾ വിലകുറഞ്ഞ് ലഭിച്ചതും ലോക്ക്ഡൗണിന് ശേഷം സമയബന്ധിതമായി മില്ലുകൾ തുറന്നു പ്രവർത്തിക്കാനായതും നേട്ടത്തിന് വഴിതെളിച്ചു. വസ്ത്ര നിർമ്മാണമേഖലയുടെ ആവശ്യത്തിനനുസരിച്ച് മികച്ച നൂൽ ഉത്പാദിപ്പിക്കാനായി. കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായി നൂൽ നൽകുന്നത് ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിച്ചു. 22 ലക്ഷം കിലോ നൂലാണ് പദ്ധതിക്കായി ഉത്പാദിപ്പിച്ചത്. തകർച്ചയിലേക്ക് കൂപ്പുകുത്തിയ സ്പിന്നിംഗ് മേഖലയാണ് ആധുനികവത്കരണത്തിലൂടെയും വൈവിദ്ധ്യവത്കരണത്തിലൂടെയും പുതുജീവൻ നേടുന്നത്.