
ആലപ്പുഴ: വോട്ട് പെട്ടിയിലായതോടെ ഇനി പോസ്റ്ററിനും ബാനറിനും പ്രസക്തിയില്ലെന്ന 'യാഥാർത്ഥ്യം' മുമ്പെങ്ങുമില്ലാത്ത വിധം സ്ഥാനാർത്ഥികൾ തിരിച്ചറിയുന്നു. കൊവിഡ് അതുകൊണ്ട് കഴിവതും നേരത്തെ പ്രചാരണ സാമഗ്രികൾ പൊതു ഇടങ്ങളിൽ നിന്ന് നീക്കം ചെയ്യുകയാണ് സ്ഥാനാർത്ഥികളളിൽ ചിലരും അണികളും.
നഗരസഭയിലെ ആറാട്ടുവഴി വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ഡി.പി.മധു തന്റെ പോസ്റ്ററുകൾ നിക്കം ചെയ്തു തുടങ്ങി. മതിലുകളിൽ പോസ്റ്റർ ഒട്ടിക്കുന്നതിന് മുൻപ് വീട്ടുകാരുടെ അനുവാദം വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇവ നീക്കം ചെയ്ത് വൃത്തിയാക്കി നൽകാം എന്നും പറഞ്ഞിരുന്നു. ആ വാക്കാണ് ഇപ്പോൾ പാലിക്കുന്നത്. ഇന്നലെ മുതലാണ് പോസ്റ്ററുകൾ നീക്കി മതിലുകൾ വൃത്തിയാക്കി തുടങ്ങിയത്. രണ്ട് ദിവസത്തിനുള്ളിൽ പ്രവർത്തനം പൂർത്തിയാകുമെന്നും മധു പറഞ്ഞു.
ബീച്ച് വാർഡ് സ്വത്രന്ത്ര സ്ഥാനാർഥി ഷിജു വിശ്വനാഥും പോസ്റ്ററുകൾ നീക്കുകയാണ്. തത്തംപള്ളി വാർഡ് സ്വതന്ത്ര സ്ഥാനാർഥി മേരി റാണി പോസ്റ്ററുകൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ രാത്രി തന്നെ നീക്കം ചെയ്തു. മതിലുകളിൽ ഒട്ടിക്കാതെ അഴിച്ചു മാറ്റാവുന്ന രീതിയിലായിരുന്നതിനാൽ പെട്ടെന്ന് തന്നെ പോസ്റ്ററുകൾ നീക്കം ചെയ്യാൻ സാധിച്ചു. ഏതെങ്കിലും സ്ഥലങ്ങളിൽ പോസ്റ്റർ ഉണ്ടെങ്കിൽ ആളുകൾ അറിയിക്കുന്ന മുറയ്ക്ക് നീക്കം ചെയ്യുമെന്നും മേരി റാണി അറിയിച്ചു.