
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാനാർത്ഥികളുടെ വരവ്-ചെലവ് കണക്ക് നിശ്ചിത സമയ പരിധിക്കുള്ളിൽ ഹാജരാക്കണമാന്ന് കമ്മിഷൻ നിർദേശിച്ചു. പരിധിയിൽ കവിഞ്ഞ തുക ചെലവഴിക്കുന്ന സ്ഥാനാർത്ഥികളെയും നിശ്ചിത സമയപരിധിക്കുള്ളിൽ കണക്ക് സമർപ്പിക്കാത്തവരെയും അയോഗ്യരായി പ്രഖ്യാപിക്കും.
ഫല പ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്കിലെ സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കം, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികൾ കളക്ടർക്കും കണക്കുകൾ നിശ്ചിത ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്.
കണക്കിനൊപ്പം രസിത്, വൗച്ചർ, ബിൽ തുടങ്ങിയവയുടെ പകർപ്പുകൾ സമർപ്പിക്കണം. ഒറിജിനൽ സ്ഥാനാർത്ഥി തന്നെ സൂക്ഷിക്കണം. ഗ്രാമം, ബ്ലോക്ക്, ജില്ല, മുനിസിപ്പൽ വാർഡുകളിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് യഥാക്രമം 25,000, 75,000, 1,50,000, 75,000 രൂപയാണ് സ്ഥാനാർത്ഥി നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതി മുതൽ ഫല പ്രഖ്യാപന തീയതിവരെ (രണ്ട് തീയതിയും ഉൾപ്പെടെ) ചെലവാക്കാവുന്ന പരമാവധി ചെലവ് പരിധി.