മാവേലിക്കര: കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുജീവിതം രാജ്യാന്തര അക്കാദമിക പഠനങ്ങളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വരുംകാലങ്ങളിൽ രവീന്ദ്രന്മാരുടെ ആശുപത്രി ഒളിവുജീവിതം കമ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണതയുടെ ഉദാഹരണമായി പരാമർശിക്കപ്പെടുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സി.എം. രവീന്ദ്രനെ കരുതലോടെ മൂന്നാം തവണയും ആശുപത്രിയിൽ സംരക്ഷിക്കുന്നതിലൂടെ ക്രിമിനലുകൾക്ക് കുടപിടിക്കുന്നതിലെ നൂതന കേരള മോഡൽ കൂടി പിണറായി സർക്കാർ സൃഷ്ടിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ താളത്തിനുതുള്ളുന്ന അവസ്ഥയിലേക്ക് ഇ.ഡി മാറരുതെന്നും വ്യക്തമായ നടപടികളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ തയ്യാറാവണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.