എട്ടു സീറ്റ് കിട്ടുമെന്ന് എൻ.ഡി.എ
ചേർത്തല: 35 വാർഡുകളുള്ള ചേർത്തല നഗരസഭയിൽ 22 സീറ്റ് നേടി അധികാരത്തിലെത്തും എന്ന അവകാശവാദത്തിലാണ് എൽ.ഡി.എഫും. എൻ.ഡി.എ ആകെട്ട എട്ടു സീറ്റുകൾവരെ നേടി നിർണായക ശക്തിയാകുമെന്ന പ്രതീക്ഷയിലും. 16ന് ഫലം വരുന്നതുവരെ ഈ സീറ്റുകളെച്ചൊല്ലിയുള്ള കണക്കു കൂട്ടലുകൾ മുന്നണികൾക്കുള്ളിൽ മുറുകും.
121 സ്ഥാനാർത്ഥികളാണ് നഗരസഭയിൽ ആകെ മത്സരിച്ചത്. മുന്നണി സ്ഥാനാർഥികൾക്കു പുറമെ 9,17,30 വാർഡുകളിൽ സ്വതന്ത്റ സ്ഥാനാർത്ഥികളും കടുത്ത മത്സരമുയർത്തി. 83.36 ശതമാനമാണ് പോളിംഗ്.
.22 സീറ്റുകൾ നേടി നഗരസഭ ഭരണം പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പുകമ്മിറ്റി ഭാരവാഹികളായ കെ.രാജപ്പൻനായരും ടി.ടി.ജിസ്‌മോനും പറഞ്ഞു.നഗരഭരണത്തിനെതിരായ ജനവികാരവും ചിട്ടയായ പ്രവർത്തനവും എൽ.ഡി.എഫിന് നേട്ടമാകുമെന്നാണ് ഇവർ കണക്കാക്കുന്നത്.സംസ്ഥാന സർക്കാരിന്റെ ജനകീയ വികസനവും വോട്ടിൽ പ്രതിഫലിക്കുമെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ തവണ വിജയിച്ച 18 വാർഡുകൾ നിലനിർത്തിയും നാലുവാർഡുകൾ പിടിച്ചെടുത്തും 22 എന്ന കണക്കിലെത്തുമെന്ന് യു.ഡി.എഫ് നഗരസഭ തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ ഐസക്ക് മാടവന അവകാശപ്പെട്ടു.സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരായുള്ള വിധിയെഴുത്ത് തിരഞ്ഞെടുപ്പ് ഫലത്തിൽ തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
ആറു മുതൽ എട്ടു സീറ്റുകൾ വരെ ലഭിച്ച് നഗരഭരണത്തിൽ നിർണായക ശക്തിയാകുമെന്നാണ് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിലിന്റെ വിലയിരുത്തൽ.