ഹരിപ്പാട്: എൻ.ടി.പി.സിയിലെ കേന്ദ്രീയവിദ്യാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി.എൻ.ടി.പി.സിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനം അവസാനിപ്പിക്കാൻ നീക്കം നടത്തുന്നത്.
എൻ.ടി.പി.സിയാണ് പ്രവർത്തനത്തിനാവശ്യമായ ഫണ്ട് നൽകുന്നത്. സാമ്പത്തിക പ്രതിസന്ധിപറഞ്ഞ് കേന്ദ്രീയവിദ്യായലത്തിന് ഫണ്ട് നൽകുന്നതിൽ നിന്ന് എൻ.ടി.പി.സി പിന്മാറിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഹരിപ്പാട് മണ്ഡലത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമാണിത്. കൂടാതെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന നിരവധി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. കേന്ദ്രീയവിദ്യാലയത്തിന്റെ പ്രവർത്തനം പൊടുന്നനെ അവസാനിപ്പിക്കുന്നത് രക്ഷിതാക്കളിലും, വിദ്യാർത്ഥികളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ വിദ്യാർത്ഥികളുടെ ആശങ്കകൾ കേന്ദ്രസർക്കാർ പരിഗണിക്കണം. ഫണ്ട് നൽകാൻ എൻ.ടി.പി.സിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ കേന്ദ്രസർക്കാർ ബദൽ മാർഗ്ഗം തേടണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.