
ആലപ്പുഴ: പാതിരപ്പള്ളിയിലെ എക്സൽ ഗ്ളാസ് ഫാക്ടറിയുടെ ഇ ലേലം നാലാം തവണയും മുടങ്ങിയതോടെ ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം കൂടുതൽ ശക്തമായി. അടുത്ത ലേലം 31നാണ്.
തുച്ഛമായ തുകയ്ക്ക് വിൽക്കാതെ ലേലത്തിന് മുമ്പ് ലിക്വിഡേറ്ററുമായി ചർച്ച നടത്തി ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2012ഡിസംബർ 12നാണ്ണ് ഫാക്ടറി പൂട്ടിയത്. അന്നുണ്ടായിരുന്ന 550 ജീവനക്കാർക്ക് ഒൻപത് മാസത്തെ ബോണസും ഒരു മാസത്തെ ശമ്പളവും ഇൻസെന്റീവും കുടിശിക ഉണ്ടായിരുന്നു. കമ്പനി പൂട്ടുന്ന സമയത്ത് 9 കോടിയുടെ കുപ്പികൾ ഗോഡൗണിലുണ്ടായിരുന്നെങ്കിലും ഇപ്പോഴത് ഉപയോഗ്യശൂന്യമായി.
കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ സ്ഥാപനങ്ങളിൽ നിന്നെടുത്ത 14.5 കോടിയുടെ വായ്പയുടെ ബാദ്ധ്യത ഇപ്പോൾ 45 കോടിയായി. ഓരോ തൊഴിലാളിക്കും തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യം നൽകാതിരിക്കുന്നതിനായി , നഷ്ടത്തിന്റെ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷൻ നടപടിയുമായി മാനേജ്മെന്റ് മുന്നോട്ട് പോകുകയായിരുന്നു. ഗ്രാറ്റുവിറ്റി, ലേ ഒഫ് കോമ്പൻസേഷൻ, നിർബന്ധിത പിരിച്ചുവിടൽ അനുകൂല്യം, ശമ്പള കുടിശിക, ബോണസ് എന്നിവ ലഭിക്കണമെന്നാവശ്യപ്പെട്ടു ഫാക്ടറിയിലെ തൊഴിലാളികൾ പ്രത്യേകമായി എൻ.സി.എൽ.ടി കോടതിയിൽ നൽകിയ മൂന്ന് ഹർജിയിൽ വിസ്താരം നടന്നു വരുകയാണ്. കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലും ഫാക്ടറിയുടെ പുനരുദ്ധാരണത്തിന് നാല് കോടി ഉൾപ്പെടുത്തിയെങ്കിലും ഒരുരൂപ പോലും ചെലവഴിച്ചില്ല.
ലേലത്തിന്റെ നാൾവഴി
സെപ്തംബർ 15ന് : ഓൺലൈൻ വഴി ആദ്യം ലേലം നിശചയിച്ചു. ആരും പങ്കെടുത്തില്ല. 24ലേക്ക് മാറ്റി
സെപ്തംബർ 24 : ലേലം നടന്നില്ല. വാലുവേഷന്റെ 10 ശതമാനം തുക കുറച്ച് ലേലം ഒക്ടോബർ 20ലേക്ക് മാറ്റി
ഒക്ടോബർ 20 : ലേലം നടന്നില്ല. ഡിസംബർ എട്ടിലേക്ക് വീണ്ടും ലേലം മാറ്റിവച്ചു
ഡിസംബർ 8 : ലേലം മുടങ്ങി. അടുത്ത ലേലം ഡിസംബർ 31ന് നടത്താൻ തീരുമാനിച്ചു
ലേലത്തിൽ വയ്ക്കുന്നത്
ദേശീയപാതയോരത്തുള്ള 18 ഏക്കറും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലെ അഞ്ച് ഏക്കർ സ്ഥലവുമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവയുടെ യഥാർത്ഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 200 കോടിയിലധികം ലഭിക്കാവുന്ന സ്വത്തിന് 99.4 കോടിയാണ് വിലയിട്ടിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് കച്ചവടം നടത്താൻ മാനേജ്മെന്റ് ശ്രമിക്കുന്നതായി കാണിച്ച് തൊഴിലാളികൾ കോടതിയെ സമീച്ചു. ലഭിക്കുന്ന ടെണ്ടർ കോടതിയുടെ അനുമതിയോടെയേ ഉറപ്പിക്കാവൂ എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ കാരണത്താലാണ് ലേലത്തിൽ പങ്കെടുക്കാൻ കമ്പനികൾ തയ്യാറാകാത്തത്.
ചില്ലുകുപ്പിയുടെ സാദ്ധ്യത
പ്ളാസ്റ്റിക് നിരോധനം മൂലമുണ്ടായ ചില്ലുകുപ്പി വ്യവസായത്തിന്റെ സാദ്ധ്യത ആരാഞ്ഞാൽ എക്സൽ ഗ്ളാസിന്റെ ഭാവിയ്ക്ക് ഗുണകരമാകും. ബിവറേജസ് കോർപ്പറേഷന്റെ മദ്യത്തിനാവശ്യമായ കുപ്പികളും കെ.എസ്.ഡി.പി, ഹോംകോ എന്നീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ആവശ്യമായ കുപ്പികളും നൽകാൻ കഴിയുന്ന തരത്തിൽ ഉത്പാദനം ആരംഭിക്കണമെന്നാണ് ആവശ്യം. ധനകാര്യം, വ്യവസായം, തൊഴിൽ വകുപ്പുകൾ ചേർന്ന് ഇതിന് പദ്ധതി തയ്യാറാക്കണം.
"ഫാക്ടറി സർക്കാർ ഏറ്റെടുത്ത് തൊഴിലാളികളുടെ ആനുകൂല്യം നൽകണം. ഇവിടെ ഗ്ളാസ് വ്യവസായം തുടരുവാൻ കഴിയുമോ എന്ന് ആരായണം. അല്ലെങ്കിൽ ഇത്രയും തൊഴിലാളികൾക്ക് തൊഴിൽ നൽകുവാൻ കഴിയുന്ന മറ്റോരു പദ്ധതി നടപ്പാക്കണം.
ആർ.നാസർ, സി.ഐ.ടി.യു
" എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയം അനുസരിച്ച് ഫാക്ടറി ഏറ്റെടുത്ത് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകണം. കേസുകൾ നിലനിൽക്കുന്നതിനാൻ മറ്റ് ധാരണ ഉണ്ടാക്കാൻ കഴിയില്ല.
ആർ.അനിൽകുമാർ, എ.ഐ.ടി.യു.സി