
ആലപ്പുഴ: വിദ്യാർത്ഥികൾ ചുമക്കുന്ന സ്കൂൾ ബാഗിന്റെ ഭാരത്തിൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ തയാറാക്കിയ പുത്തൻ നയത്തിൽ ആഹ്ലാദിക്കുകയാണ് കുരുന്നുകൾ. ഭാരം മാത്രമല്ല, ഹോം വർക്കുകളും ലഘൂകരിച്ചതോടെ ഏറെ ആശ്വാസത്തിലാണ് കുട്ടികളും രക്ഷിതാക്കളും. സ്കൂൾ ബാഗിന്റെ ഭാരം ചുരുക്കുന്നതിനായി ഏറെ മുമ്പ് തന്നെ കേരളത്തിൽ പാഠപുസ്തകങ്ങൾ സെമസ്റ്റർ തിരിച്ച് അച്ചടിച്ച് തുടങ്ങിയിരുന്നു. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം തോളിലേന്തുന്ന പുസ്തകങ്ങളുടെ ആകെ ഭാരമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നയത്തിൽ ശുപാർശ ചെയ്യുന്നത്. ഇത് കൊവിഡിന് ശേഷമുള്ള അദ്ധ്യയനകാലത്തെ ഏറെ ലളിതമാക്കാൻ ഉപകരിക്കുമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ഒരേ സ്വരത്തിൽ പറയുന്നു. നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന നിർദ്ദേശങ്ങളായ സ്കൂളിൽ തന്നെ കുടിവെള്ളം, ഭക്ഷണം എന്നിവ എല്ലാ സംസ്ഥാനങ്ങളിലും പ്രാബല്യത്തിൽ വന്നാൽ അത് വളർന്നുവരുന്ന തലമുറയുടെ ശാരീരിക,മാനസിക ആരോഗ്യത്തിന് ഏറെ ഗുണകരമാകും. കൊവിഡ് കാലത്ത് പഠനം പൂർണമായും ഓൺലൈൻ ആയതിനാൽ പുസ്തകം ചുമക്കേണ്ട ഗതികേടിൽ നിന്ന് എല്ലാ വിദ്യാർത്ഥികളും രക്ഷപ്പെട്ടിരുന്നു.
വരുന്നത് ഇ - ടെക്സ്റ്റ് കാലം
ഡിജിറ്റൽ ക്ലാസ് മുറികളുടെ വരവോടെ, പുസ്തകങ്ങളും ഡിജിറ്റലൈസാകുന്ന കാലം വിദൂരമല്ലെന്ന വിലയിരുത്തലിലാണ് എല്ലാവരും. ഇത്തരത്തിൽ സംവിധാനങ്ങൾ വന്നാൽ ക്ലാസിലേക്ക് പുസ്തകം കൊണ്ടുപോകുന്ന രീതിക്ക് മാറ്റം വരും. പാഠപുസ്തകത്തിൽ വിശദമാക്കുന്ന കാര്യങ്ങൾ കൺമുന്നിലെ സ്ക്രീനിൽ കാണാവുന്ന തരത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം മാറിക്കഴിഞ്ഞു. സ്മാർട്ട് ക്ലാസ് റൂമുകളിൽ ലാപ്ടോപ്, സ്ക്രീൻ പ്രൊജക്ടർ എന്നിവയുടെ സഹായത്തോടെയാണ് അദ്ധ്യാപകർ പഠിപ്പിക്കുന്നത്. ഹോം വർക്കുകളും ക്ലാസിൽ ചെയ്തു തീർക്കാവുന്ന തരത്തിൽ ക്ലാസുകൾ ക്രമീകരിച്ചാൽ അത് പഠനത്തെ കൂടുതൽ ലളിതവും രസകരവുമാക്കുമെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവർ പറയുന്നു.
വേണം വിഷ്വൽ ലൈബ്രറി
പാഠ്യഭാഗങ്ങൾക്ക് യോജിച്ച വീഡിയോകൾ സ്വയം തിരഞ്ഞെടുത്ത് കുട്ടികളെ കാണിക്കാനുള്ള സ്വാതന്ത്ര്യം അദ്ധ്യാപകർക്കുണ്ട്. എന്നാൽ പലപ്പോഴും മികച്ച വീഡിയോകൾ ലഭിക്കാൻ പ്രയാസം നേരിടുന്നതായി അദ്ധ്യാപകർ പറയുന്നു. എസ്.സി.ഇ.ആർ.ടി പഠന പ്രവർത്തനത്തിന് ആവശ്യമായ വിഷ്വലുകൾ നൽകുന്ന ലൈബ്രറി തയ്യാറാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടപ്പിലായിട്ടില്ല. കുട്ടികളെ കാണിക്കേണ്ട നിശ്ചല ചിത്രങ്ങളും, വീഡിയോകളും അദ്ധ്യാപകരടങ്ങുന്ന സ്ക്രീനിംഗ് കമ്മിറ്റി കണ്ട് ബോദ്ധ്യപ്പെട്ട് അംഗീകരിച്ച ശേഷം മാത്രം പ്രദർശിപ്പിക്കുന്നത് രക്ഷിതാക്കളിൽ നിന്ന് പരാതി ഉയരുന്നത് ഒഴിവാക്കാൻ സഹായകമാകും.
സ്കൂൾ ബാഗുകളുടെ ഭാരവും കുട്ടികളുടെ ഹോം വർക്കും ലഘൂകരിക്കുന്നത് സംബന്ധിച്ച് വന്നിരിക്കുന്ന പുതിയ നയം ഏറെ ഗുണകരമാണ്. നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചാൽ കുട്ടികളുടെ പഠനം ലളിതവും രസകരവുമാക്കാം. ദേശീയതലത്തിൽ തന്നെ പുസ്തകങ്ങൾ സെമസ്റ്റർ തിരിച്ച് ആദ്യം അച്ചടിച്ചിറക്കിയത് കേരളമാണ്
- എൻ.ശ്രീകുമാർ, സംസ്ഥാനപ്രസിഡന്റ്, എ.കെ.എസ്.ടി.യു
ബാഗ് തോളിലിട്ട് കൂന് വരുമെന്ന അവസ്ഥയിലാണ് കുട്ടികൾ സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. സെമസ്റ്റർ തിരിച്ചിട്ട് പോലും ഭാരത്തിൽ കാര്യമായ വ്യത്യാസം വന്നിരുന്നില്ല. പുസ്തകങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാൻ സംവിധാനം വന്നാൽ അത് ഏറെ ആശ്വാസകരമാകും
- ഷാജി പരമേശ്വരൻ, രക്ഷിതാവ്