s

ലൈസൻസില്ലാത്ത ഷവർമ കച്ചവടം വ്യാപിക്കുന്നു

ആലപ്പുഴ: ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും ജില്ലയിലെ ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണ വ്യാപാര കേന്ദ്രങ്ങളിൽ ഷവർമ കച്ചവടം പൊടിപൊടിക്കുന്നു. പൂർണമായും വേവിക്കാത്തതോ പഴകിയതോ ആയ ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന ക്ലോസ്ട്രിഡിയം ബാക്ടീരിയയായ 'ബോട്ടുലിനം ടോക്സിൻ' എന്ന വിഷാംശം മരണത്തിനു വരെ കാരണമാകാമെന്നിരിക്കെയാണ് ഷവർമ വീണ്ടും വാർത്തകളിൽ നിറയുന്നത്.

ഷവർമ വിൽക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക ലൈസൻസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നുമില്ലാതെയാണ് ആലപ്പുഴ നഗരത്തിൽ കച്ചവടക്കാരുടെ എണ്ണം കൂടുന്നത്. വൈകിട്ട് ആറ് മുതൽ ഷവർമ്മ വ്യാപാരം സജീവമാണ്. വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത്, ലോഡ്ജിൽ താമസിച്ച യുവാവ് രാത്രിയിൽ തട്ടുകടയിൽ നിന്നു വാങ്ങിയ ഷവർമ കഴിച്ചതിനെത്തുടർന്ന് അവശ നിലയിലാവുകയും പിറ്റേന്നു രാവിലെ മരിക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഷവർമയ്ക്ക് വില്ലൻ പരിവേഷമായത്.

ജില്ലയിലും ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങളെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. കൊവിഡിനെ തുടർന്നാണ് പല നിയന്ത്രണങ്ങളും കാറ്റിൽ പറക്കുന്നത്. മാംസാഹാരം മൂന്ന് മണിക്കൂറിൽ കൂടുതൽ ഒരു കാരണവശാലും അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കരുതെന്നാണ് നിയമം. എന്നാൽ മാംസ വിഭവങ്ങൾ പുറത്ത് പ്രദർശിപ്പിക്കുന്നത് പലേടത്തും പതിവു കാഴ്ചയാണ്. ദേശീയപാതയിലെ പൊടിപടലങ്ങൾക്കിടയിലാണ് മിക്ക സ്ഥലങ്ങളിലെയും ഷവർമ കച്ചവടം. കുട്ടികൾക്കും ചെറുപ്പക്കാർക്കും പ്രിയമേറിയ ഷവർമ്മയും തന്തൂരിയുമൊക്കെ അശാസ്ത്രീയവും വൃത്തിഹീനവുമായ സാഹചര്യത്തിലാണ് നിർമ്മിക്കുന്നതെന്ന് ഭക്ഷ്യ-സുരക്ഷ വിഭാഗം അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. പൊടിയും പുകയും തട്ടുന്ന തരത്തിൽ തുറന്നു വച്ചാണ് മിക്ക ഹോട്ടലുകളിലും ഷവർമ്മ നിർമ്മാണം.

വിഷമാണ് വില്ലൻ

എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയിൽ കോർത്തു ഗ്രിൽ അടുപ്പിനു മുന്നിൽ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവർമ. ആട്, കോഴി, ബീഫ് തുടങ്ങിയ ഇറച്ചികളെല്ലാം ഷവർമയ്ക്കു യോജിച്ചതാണെങ്കിലും ജില്ലയിൽ കൂടുതൽ ഉപയോഗിക്കുന്നതു കോഴിയിറച്ചിയാണ്. 'ബോട്ടുലിനം ടോക്സിൻ' എന്ന വിഷാംശമാണു ഷവർമയിൽ മരണ കാരണമാകുന്ന വില്ലൻ. പഴകിയ മാംസം ഉപയോഗിച്ചാലും വൃത്തിഹീനമായ സ്ഥലത്ത് ഉണ്ടാക്കിയാലും ഷവർമ വില്ലനാകും.

വിലയിടിഞ്ഞു, ഗുണവും

ഷവർമ്മ കച്ചവടക്കാരുടെ എണ്ണം കൂടിയപ്പോൾ വിലയും ഗുണനിലവാരവും കുറഞ്ഞു. ജില്ലയിൽ വിരലിലെണ്ണാവുന്ന കച്ചവടക്കാരാണ് മുമ്പുണ്ടായിരുന്നത്. ആവശ്യക്കാർ കൂടിയപ്പോൾ ഷവർമ്മ കച്ചവടക്കാരുടെ എണ്ണവും കൂടി. 100 രൂപ ആയിരുന്ന ഷവർമ്മ ഇപ്പോൾ 50 രൂപ മുതൽ ലഭ്യമാണ്. പാഴ്സലായി വേഗം വാങ്ങാനും ഭക്ഷിക്കാനും എളുപ്പമായതാണ് ഷവർമ്മയുടെ പ്രിയം കൂടാൻ കാരണം. പഴകിയ മാംസം ഷവർമയ്ക്കായി മാറ്റിവയ്ക്കുന്ന ഭക്ഷണവ്യാപാര കേന്ദ്രങ്ങളുമുണ്ട്.

ഹോട്ടലുകളിലും ബേക്കറികളിലും ഷവർമ കച്ചവടം നടത്തണമെങ്കിൽ പ്രത്യേക ലൈസൻസ് വേണം. ഇല്ലെങ്കിൽ അനധികൃതമെന്ന നിലയിൽ നടപടിയെടുക്കാം. ജില്ലയിൽ പരിശോധന ശക്തമാണ്. വൃത്തിഹീനമായ സാഹചര്യത്തിലുള്ള ആഹാര പദാർത്ഥങ്ങൾ വാങ്ങാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കണം

(ഭക്ഷ്യസുരക്ഷ അധികൃതർ)