
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 16 ന് രാവിലെ 8 മുതൽ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ബ്ലോക്ക് തലത്തിലുള്ള വിതരണ,സ്വീകരണ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റിയിൽ അതത് സ്ഥാപനങ്ങളുടെ വിതരണ,സ്വീകരണ കേന്ദ്രങ്ങളുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭയിൽ അതത് സെക്രട്ടറിമാരും ഏർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വോട്ടെണ്ണൽ പുരോഗതി അപ്പോൾ തന്നെ കമ്മിഷനെയും മീഡിയ സെന്ററുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനായി ട്രെൻഡ് സോഫ്റ്റ്‌വെയറിലേക്ക് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് വിവരം അപ്‌ലോഡ് ചെയ്യുന്നതിനായി കൗണ്ടിംഗ് സെന്ററിനോട് ചേർന്ന് പ്രത്യേക സംവിധാനം സജ്ജമാക്കും. ഓരോ ഗ്രാമ പഞ്ചായത്തിന്റെയും കൗണ്ടിംഗ് ഹാളിൽ വരണാധികാരിക്കുള്ള വേദിക്ക് സമീപം വോട്ടെണ്ണൽ, ടാബുലേഷൻ, പാക്കിംഗ് എന്നിവയ്ക്ക് പ്രത്യേകം മേശകൾ സജ്ജമാക്കും. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികൾക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേകം കൗണ്ടിംഗ് ഹാളുകൾ/ മുറികളും സജ്ജീകരിക്കണം. മുനിസിപ്പാലിറ്റികളിൽ ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ സജ്ജമാക്കണം.
പരമാവധി 8 പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിംഗ് ടേബിൾ എന്ന രീതിയിൽ വേണം കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കുക. ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ല പഞ്ചായത്തിലെയും പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികൾ മാത്രമാണ് എണ്ണേണ്ടത്.
കൗണ്ടിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാണ് കൺട്രോൾ യൂണിറ്റുകൾ സ്‌ട്രോംഗ് റൂമിൽ നിന്ന് ഏറ്റുവാങ്ങി വോട്ടെണ്ണൽ നടത്തുക. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ ആയിരിക്കും വോട്ടെണ്ണൽ. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകൾ ഉണ്ടെങ്കിൽ അവ ഒരു ടേബിളിൽ ആണ് എണ്ണുക. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ പാലിച്ചാകും വോട്ടെണ്ണൽ
.