photo

ആലപ്പുഴ: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് ജില്ലയിൽ പ്രവേശിക്കുന്നത് കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് വിലക്കി എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ്. കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കേസുകളിൽ പ്രതിയായ കൃഷ്ണപുരം കാപ്പിൽമേക്ക് ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രനെയാണ് (25) നാടുകടത്തിയത്.

ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ഉത്തരവ് കാലയളവിൽ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം കൂടുതൽ നടപടികൾ സ്വീകരിക്കും. ജില്ലയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ശക്തമായ നടപടികൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു.