ആലപ്പുഴ: മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന തിരിച്ചറിഞ്ഞ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ മനുഷ്യത്വം കാട്ടണമെന്ന് ലോക മനുഷ്യാവകാശദിനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷണറുടെ നിർദ്ദേശം.
2016 മേയ് 31ന് മഹാരാഷ്ട്രയിലെ പുൽഗാവിൽ കേന്ദ്ര ആയുധപ്പുരയിലുണ്ടായ പൊട്ടിത്തെറിയിൽ ജീവൻ നഷ്ടപ്പെട്ട മേജർ മനോജ് കുമാറിന്റെ മാതാപിതാക്കൾക്ക് ആശ്രിത തിരിച്ചറിയൽ കാർഡ് അടിയന്തിരമായി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസാണ് ഉത്തരവിട്ടത്. ഭാര്യ മുഖാന്തിരം മാത്രമേ മനോജ്കുമാറിന്റെ മാതാപിതാക്കൾക്ക് കാർഡ് അനുവദിക്കുകയുള്ളൂവെന്ന അധികൃതരുടെ നിലപാട് മനുഷ്യത്വപരമല്ല. ഭാര്യയും മനോജ്കുമാറിന്റെ മാതാപിതാക്കളും തമ്മിൽ നല്ല ബന്ധത്തിലല്ല. മനോജ്കുമാറിന്റെ ആശ്രിത തിരിച്ചറിയൽ കാർഡ് നിലവിൽ വാങ്ങിയിരിക്കുന്നത് ഭാര്യയാണ്. ഭാര്യ ഉപയോഗിക്കുന്ന പ്രധാന കാർഡുമായി ലിങ്ക് ചെയ്താൽ മാത്രമേ മാതാപിതാക്കൾക്ക് കാർഡ് നൽകാൻ കഴിയുകയുള്ളൂ എന്നാണ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ കമ്മിഷനെ അറിയിച്ചത്. ഇതിനായി ഭാര്യ അപേക്ഷ നൽകണം. ഇതിനാൽ, മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന ജില്ലാ സൈനിക ക്ഷേമ ഓഫീസർ മനസിലാക്കണമെന്ന് കമ്മിഷൻ ഉത്തരവിൽ ഓർമ്മിപ്പിച്ചു. ഒരു ഹിന്ദു മരിച്ചാൽ നിയമപ്രകാരം ഭാര്യയും അമ്മയും മക്കളുമാണ് അനന്തരാവകാശികൾ. മനോജ്കുമാറിന്റെ പേരിൽ ആർമി ഗ്രൂപ്പ് ഇൻഷ്വറൻസ് ഫണ്ടിൽ ഉണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപ മാതാപിതാക്കൾക്ക് നൽകിയത് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നതും കമ്മിഷൻ സൂചിപ്പിച്ചു. മനോജ്കുമാറിന്റെ പിതാവ് കാർത്തികപ്പള്ളി സ്വദേശി എൻ.കൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ നിർദ്ദേശം.