a


മാവേലിക്കര: ബ്ളോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞപ്പോൾ, ജീവനോപാധിയായി ഉണക്കമീൻ കച്ചവടത്തിലേക്കിറങ്ങിയ രഘുപ്രസാദിന് തെല്ലുമില്ല നിരാശ. ജനസേവനം ഒരു തൊഴിലായി കാണാതിരുന്നതിനാൽ പുതിയ തൊഴിലിൽ പരമാവധി മികവ് പ്രകടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഈ മുൻ ജനപ്രതിനിധി.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പടിയിറങ്ങിയപ്പോഴാണ്, ഭാവിയിലേക്കുള്ള പടവായി ഉണക്കമീൻ കച്ചവടമെന്ന ആശയത്തിലേക്ക് രഘുപ്രസാദ് തിരിഞ്ഞത്. ഒപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമുണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ വടക്കുഭാഗത്തുള്ള കടമുറിയിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. രഘുപ്രസാദിന്റെ നേതൃത്വത്തിൽ തഴക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വയം സഹായ സംഘമായ 'തണലി'ന്റെ കീഴിലാണ് സംരംഭം ആരംഭിച്ചത്. കഴിഞ്ഞ പ്രളയത്തിലും ഈ കൊവിഡിലും സേവന രംഗത്തുണ്ടായിരുന്ന തണൽ പ്രവർത്തകരിൽ പലരും നിലവിൽ തൊഴിൽ രഹിതരായ അവസ്ഥയിലാണ്. രഘുപ്രസാദിനൊപ്പമുണ്ടായിരുന്ന, ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക ഡ്രൈവർ രഞ്ജിത്ത് ഗംഗാധരൻ ഉൾപ്പടെ അഞ്ച് പേരാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ. ഉണക്കമീൻ, മുട്ട, അച്ചാറുകൾ, തേങ്ങ, വിഷലിപ്തമല്ലാത്ത മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ഉൾപ്പടെയുള്ള വിഭവങ്ങളും സ്റ്റാളിൽ ലഭ്യമാണ്.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ വ്യത്യസ്ഥങ്ങളായ നിരവധി പദ്ധതികളാണ് രഘുപ്രസാദിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ളത്. ഓണാട്ടുകര കാർഷിക പൈതൃക ചരിത്രമ്യൂസിയം, മിയാവാക്കി വനം പദ്ധതി, ഗണിതലാബ്, സയൻസ് ലാബ്, ഓണാട്ടുകര പുസ്തകമൂല തുടങ്ങിയവ ശ്രദ്ധേയമായി. ഓണാട്ടുകര മ്യൂസിയം ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രാദേശിക മ്യൂസിയമാണ്. സി.പി.എം തഴക്കര ലോക്കൽ കമ്മിറ്റിയംഗമായ രഘുപ്രസാദ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ, തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.