ജനറൽ ഒ.പി പ്രവർത്തിച്ചത് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മാത്രം
ആലപ്പുഴ: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ തിരുമാനത്തിനെതിരെ ഐ.എം.എയുടെ നേതൃത്വത്തിൽ നടത്തിയ ഡോക്ടർമാരുടെ പണിമുടക്ക് ജില്ലയിൽ പൂർണം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മാത്രമാണ് ജനറൽ ഒ.പി പ്രവർത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ മറ്റ് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒ.പി സേവനം ഡോക്ടർമാർ പൂണ്ണമായും ബഹിഷ്കരിച്ചതോടെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിശ്ചലമായി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയായിരുന്നു സമരം. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. അടിയന്തരമല്ലാത്ത ഒരു ശസ്ത്രക്രിയയും ഇന്നലെ നടത്തിയില്ല. കൊവിഡ് ആശുപത്രികളിൽ കറുത്ത ബാഡ്ജ് കുത്തിയാണ് ഡോക്ടർമാർ ഡ്യൂട്ടിക്ക് എത്തിയത്. എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗത്തിൽ പതിവിൽ അധികം തിരക്ക് അനുഭവപ്പെട്ടു.