t

 കനാലിലെ പോള നീക്കാൻ 60 ലക്ഷത്തിന്റെ പുതിയ യന്ത്രം

ആലപ്പുഴ: നഗരത്തിലെ നവീകരിച്ച കനാലുകളിൽ നിറയുന്ന പോളയും പായലും നീക്കം ചെയ്യാനുള്ള ആധുനിക പോളവാരൽ യന്ത്രത്തിനും കനാലുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾക്കുമായി രണ്ട് കോടിയുടെ പദ്ധതി കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.

60 ലക്ഷമാണ് യന്ത്രത്തിന്റെ വില, പേര് 'വീഡ് ഹർവെസ്റ്റർ'. തിരഞ്ഞെടുപ്പ് ചട്ടം ഒഴിവാകുമ്പോൾ ചേരുന്ന കിഫ്ബിയുടെ ആദ്യ യോഗത്തിൽ പദ്ധതി നടത്തിപ്പിനുള്ള തുക അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ചുമതലക്കാരായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ അധികൃതർ. ആധുനിക പോളവാരൽ യന്ത്രത്തിന്റെ സംരക്ഷണ ചുമതല കനാൽമാനേജ്റെന്റ് കമ്മിറ്റിക്ക് നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. മാലിന്യ നിക്ഷേപകരെ കണ്ടെത്താനായി 25 സ്ഥലങ്ങളിലായി 60 നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഇവ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും.

ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിൽ 2019 മാർച്ചിലാണ് 39 കോടി പ്രതീക്ഷിക്കുന്ന നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ വാടക്കനാൽ, കൊമേഴ്‌സ്യൽ കനാൽ, ഉപ്പൂറ്റി കനാൽ, ആലപ്പുഴ- ചേർത്തല (എ-എസ്) കനാൽ എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത്. ഒരുമാസം കഴിയും മുമ്പുതന്നെ കനാലുകളിൽ പോള നിറഞ്ഞു. നിലവിൽ എ-എസ് കനാലിലെ പൊള തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്. നിരന്തരം ബോട്ടുകളും വള്ളങ്ങളും സഞ്ചരിക്കുന്നതിനാൽ വാടക്കനാലിൽ മാത്രമാണ് പോളശല്യം അല്പം കുറവുള്ളത്. മറ്റു കനാലുകൾ നിശ്ചലമായതിനാൽ പൊള വേഗം വളരാൻ കാരണമാകുന്നു.

എ-എസ് കനാലിൽ കലവൂർ വരെയുള്ള ചെളി നീക്കം ചെയ്യൽ പൂർത്തീകരിച്ചു. മട്ടാഞ്ചേരി പാലം മുതൽ കലവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ 9 പാലങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ കനാലിൽ പോള നിറഞ്ഞത് നിർമ്മാണത്തിന് തടസമാകുന്നുണ്ട്.

 വാരുന്നു, നിറയുന്നു

ഒരു കനാലിന്റെ നവീകരണം പൂർത്തീകരിച്ച് അടുത്തതിലേക്ക് കടക്കുമ്പോഴേക്കും നവീകരിച്ച ഭാഗത്ത് പോളയും മറ്റും നിറയുന്നത് ആലപ്പുഴയിലെ പതിവാണ്. കടലിൽ നിന്ന് മുറിഞ്ഞപൊഴി വഴി ഉപ്പുവെള്ളം കയറ്റി പോള നശിപ്പിക്കാൻ ആലോചിച്ചെങ്കിലും ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥിരമായി പോളനീക്കാൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ പൊളവാരൽ യന്ത്രം വാങ്ങാൻ തീരുമാനിച്ചത്.

 ലക്ഷ്യം വിപുലം

നഗരസഭയിലെ 57 ചെറുകനാലുകളുടെ നവീകരണം, കൽക്കെട്ട്, ആലപ്പുഴ-ചേർത്തല കനാലിൽ പുതിയ 8 പാലങ്ങൾ, നഗരത്തിലൂടെ ഒഴുകുന്ന കാപ്പിത്തോടിന്റെ നവീകരണം, പൊളവാരൽ യന്ത്രം, നിരീക്ഷണ കാമറകൾ എന്നിവയ്ക്കായിട്ടാണ് രണ്ടാം ഘട്ടത്തിൽ 42 കോടിയുടെ പദ്ധതി കിഫ്ബിക്ക് സമർപ്പിച്ചത്. കിഫ്ബിയിലെ ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ച് അനുകൂല റിപ്പോർട്ട് സമർപ്പിച്ചു.

..............................

കിഫ്ബിയിൽ സമർപ്പിച്ച പദ്ധതിയുടെ പരിശോധന പൂർത്തിയായെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ യോഗം ചേർന്ന് പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കാനുള്ള സാങ്കേതിക തടസം മാത്രമാണ് മുന്നിലുള്ളത്

കെ.പി.ഹരൻബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ,കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ