s

എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് ക്ഷാമം

ആലപ്പുഴ : ക്രി​സ്മസ് ആഘോഷരാവുകൾക്ക് നി​റം പകരുന്ന നക്ഷത്രങ്ങളുടെ വി​പണി​യി​ൽ ഇത്തവണ പുതി​യ താരങ്ങളി​ല്ല. കഴി​ഞ്ഞ തവണ അവതരി​പ്പി​ക്കപ്പെട്ട ഇനം നക്ഷത്രങ്ങളൊക്കെ തന്നെയാണ് വില്പനയ്ക്ക് എത്തി​യി​ട്ടുള്ളത്. മുൻകാലങ്ങളി​ൽ ഓരോ ക്രി​സ്മസ് കാലത്തും പുത്തൻ പേരുകളി​ൽ നക്ഷത്രങ്ങൾ ഇടം പി​ടി​ക്കാറുണ്ടെങ്കി​ലും ഇത്തവണ കൊവി​ഡ് പശ്ചാത്തലത്തി​ൽ അതുണ്ടായി​ല്ല. ചൈനീസ് അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവു കാരണം എൽ.ഇ.ഡി​ നക്ഷത്രങ്ങൾക്ക് ക്ഷാമവുമുണ്ട്.

ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് കുന്നംകുളത്ത് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന എൽ.ഇ.ഡി നക്ഷത്രങ്ങളാണ് ആലപ്പുഴയടക്കം സംസങ്ങഥാനത്തി​ന്റെ വി​വി​ധ ഭാഗങ്ങളി​ൽ വിപണിയിലെത്തുന്നവയിൽ കൂടുതലും. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലി​യ ഡിമാൻഡാണ് ഇവയ്ക്കുണ്ടായിരുന്നത്. ക്ഷാമം നേരിടുന്നതിനാൽ കഴിഞ്ഞ വർഷം 120 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു എൽ.ഇ.ഡി നക്ഷത്രത്തിന് ഇപ്പോൾ 150 മുതൽ 170 രൂപ വരെയാണ് വില. മുമ്പ് ഡിസംബർ ആദ്യവാരം മുതൽ തന്നെ കടകളിൽ നക്ഷത്രം തേടി ആവശ്യക്കാരെത്തുമായിരുന്നെങ്കി​ൽ, ഇത്തവണ ആവശ്യക്കാരുടെ എണ്ണത്തിലും കുറവുണ്ടെന്ന് കടക്കാർ പറയുന്നു.

സിനിമകളില്ല; പേരുമില്ല

വാൽനക്ഷത്രക്കാരൻ ബിലാൽ, ആദ്യരാത്രി, കെട്ട്യോളാണെന്റെ മാലാഖ, പൊറിഞ്ചു മറിയം ജോസ്, ലവ് ആക്‌ഷൻ ഡ്രാമ, തണ്ണീർമത്തൻ ദിനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ കഴിഞ്ഞ ക്രിസ്മസിന് വിപണിയിലെത്തിയ നക്ഷത്രങ്ങൾക്ക് ഇത്തവണ പുതി​യ പേരുകളൊന്നുമില്ല. പുത്തൻ സിനിമകളുടെ റിലീസ് കാര്യമായി ഇല്ലാതിരുന്നതാണ് പേര് നഷ്ടപ്പെടാൻ കാരണം. വടക്കൻ ജില്ലകളിൽ കൊറോണ നക്ഷത്രം വിപണിയിലുണ്ടെങ്കിലും ആലപ്പുഴയിലെത്തിയിട്ടില്ല. കാര്യമായ കൗതുകങ്ങളില്ലാതെയാണ് നക്ഷത്രക്കച്ചവടം. പുൽക്കൂടുകളും ക്രിസ്മസ് ട്രീയും പതിവ് പോലെ റെഡിമെയ്ഡായി എത്തുന്നുണ്ട്. പ്ലാസ്റ്റിക്ക് നിരോധനം നിലനിൽക്കുന്നതിനാൽ പേപ്പർ അലങ്കാരങ്ങളാണ് വിൽപ്പനയ്ക്കുള്ളതിൽ അധികവും.

കേക്ക് വീട്ടിൽ തന്നെ

ക്രി​സ്മസി​ന്റെ മറ്റൊരു പ്രധാന ആകർഷണമാണ് കേക്ക് വി​പണി​. വി​വി​ധ ഇനം കേക്കുകളുമായി​ ബേക്കറി​കൾ മത്സരി​ച്ച് എത്തുന്ന കാലം. എന്നാൽ, ലോക്ക് ഡൗൺ​ കാലത്ത് ഓൺ​ലൈനി​ലൂടെ പഠി​ച്ച് കേക്ക് നി​ർമ്മാണം നടത്തി​യ വനി​താ സംരംഭകർ ബേക്കറി​ക്കാർക്ക് ഭീഷണി​യാണ്. വീടുകളി​ലുണ്ടാക്കുന്ന കേക്കുകളുമായി​ വനി​താ സംരംഭകരും വി​പണി​യി​ലുണ്ട്. സ്വന്തം ആവശ്യത്തി​ന് കേക്ക് ഉണ്ടാക്കുന്നവരും നി​രവധി​. പല വീടുകളിലും പ്ലം കേക്ക് നിർമ്മാണത്തിനുള്ള രുചിക്കൂട്ടുകൾ തയാറാക്കി തുടങ്ങി. പ്ലം ആയാലും ക്രീം ആയാലും വീട്ടിൽ തന്നെ തയാറാക്കാമെന്നതിനാൽ ഇത്തവണ കേക്ക് വിപണിയി​ൽ ബേക്കറി​കളുടെ ഡിമാൻഡ് എങ്ങനെയാവുമെന്ന് കണ്ടറിയണം.

എൽ.ഇ.ഡി നക്ഷത്രം: 150 - 170 രൂപ

പേപ്പർ നക്ഷത്രം : 30 - 250 രൂപ

ക്രിസ്മസ് ട്രീ : 500 - 4000 രൂപ

കൊവിഡ് മൂലം കരോൾ, ക്രിസ്മസ് മത്സരങ്ങൾ, പള്ളികളിലെ ആഘോഷങ്ങൾ എന്നിവയില്ലാത്തത് വിപണിയെ സാരമായി ബാധിക്കും. . മുൻ വർഷങ്ങളിൽ ഈ സമയത്ത് ലഭിച്ചി​രുന്നതിന്റെ പകുതി കച്ചവടം പോലും ഇപ്രാവശ്യം നടക്കുന്നില്ല

- നൗഷാദ്, വ്യാപാരി