
കൂട്ടിയും കിഴിച്ചും സ്ഥാനാർത്ഥികളും നേതാക്കളും
ആലപ്പുഴ: വോട്ടെണ്ണൽ പുലരിയിലേക്ക് മൂന്നുദിനം കൂടി ശേഷിക്കെ, അങ്കലാപ്പ് പുറത്തു കാണാതിരിക്കാൻ ആത്മവിശ്വാസത്തിന്റെ മുഖംമൂടിയും ധരിച്ച് കളം നിറഞ്ഞുതന്നെ നിൽക്കുകയാണ് സ്ഥാനാർത്ഥികളും നേതാക്കളും അണികളുമൊക്കെ. നാട്ടിലെ കല്യാണങ്ങളിലും പുലകുടി അടിയന്തിരങ്ങളിലുമൊക്കെ, പ്രചാരണ നാളുകളിലെന്നപോലെ സാന്നിദ്ധ്യമാവാൻ സ്ഥാനാർത്ഥികൾ ശ്രമിക്കുന്നുണ്ട്. ഫലം എന്തുതന്നെയായാലും രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ മനസിനെ പാകപ്പെടുത്താനായി യോഗ ഉൾപ്പെടെയുള്ള മാനസിക വ്യായാമങ്ങൾ സജീവമാക്കിയവരും നിരവധി.
ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിനും കനത്ത പോളിംഗിനും ശേഷം കണക്കെടുപ്പിലാണ് സ്ഥാനാർത്ഥികളും പ്രചാരണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന നേതാക്കളും. 'ഞാൻ ഇവിടൊക്കെത്തന്നെയുണ്ട്' എന്നു പറയാതെ പറഞ്ഞുകൊണ്ട്, തങ്ങളുടെ വാർഡുകളിൽ സാന്നിദ്ധ്യമറിയിക്കാൻ എല്ലാ ദിവസവും ചുറ്റിക്കറങ്ങുന്ന സ്ഥാനാർത്ഥികളുണ്ട്. ഫലപ്രഖ്യാപന ദിവസം ഉച്ചയോടെ ജില്ലയിലെ മൊത്തം വിജയചിത്രം തെളിയും. ഉയർന്ന പോളിംഗ് നിരക്ക് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എല്ലാ മുന്നണികളും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിളച്ചുമറിയുന്ന സംഭവവികാസങ്ങൾ വോട്ട് മറിയാൻ കാരണമായിട്ടുണ്ടോ എന്നത് ഇടത് ചേരിയിൽ ആശങ്ക ഉയർത്തുന്നു. ഭരണവിരുദ്ധ തരംഗമാണ് പ്രതിഫലിച്ചതെന്ന് വലത് ചേരിയും കണക്ക് കൂട്ടുന്നു. ശക്തമായ സാന്നിദ്ധ്യം അറിയിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും.
പക്ഷേ, പ്രാദേശിക വികാരങ്ങളുടെ വേലിയേറ്റവും അലയൊലികളുമൊക്കെയാവും പഞ്ചായത്ത് തലത്തിലുള്ള ഫലങ്ങളുടെ അടിസ്ഥാന ഘടകമാവുന്നത്. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ അതിനുശഷമാവും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക.
കണക്കിലെ കളികൾ
ഫലപ്രഖ്യാപന ദിവസം മുതൽ 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കണക്കുകൾ ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ കണക്കിനൊപ്പം അവ സാക്ഷ്യപ്പെടുത്തുന്ന രസീത്, വൗച്ചർ, ബിൽ എന്നിവയും ആവശ്യമാണ്. പരിധിയിൽക്കവിഞ്ഞ് തുക ചെലവഴിക്കുന്നത് അയോഗ്യതയായി കൽപ്പിക്കുമെന്നതിനാൽ എങ്ങനെയും കണക്ക് ടാലിയാക്കാനുള്ള കൂട്ടിക്കിഴിച്ചിലിലാണ് പല സ്ഥാനാർത്ഥികളും. പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുകയ്ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും അവ കാറ്റിൽ പറത്തിയുള്ള പോരാട്ടമാണ് ഭൂരിഭാഗം സ്ഥലങ്ങളിലും നടന്നത്. പോസ്റ്റർ, ബാനർ, അനൗൺസ്മെന്റ്, ഗാനങ്ങൾ തുടങ്ങി എല്ലാമൊരുക്കി പ്രചാരണം കൊഴുപ്പിച്ചവരാണ് കണക്കൊപ്പിക്കാൻ പെടാപ്പാട് പെടുന്നത്.
പ്രതീക്ഷ, അതല്ലേ എല്ലാം!
 കഴിഞ്ഞതവണത്തെക്കാൾ കൂടുതൽ സീറ്റുമായി ജില്ലാ പഞ്ചായത്ത് ഭരണം നിലനിറുത്താമെന്നാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. പരമാവധി 14 സീറ്റുകളാണ് ഇവിടെ യു.ഡി.എഫിന്റെ പ്രതീക്ഷയിലുള്ളത്. ബി.ജെ.പിക്കാവട്ടെ സീറ്റ് പ്രതീക്ഷയെക്കാളുപരി, മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവും എന്ന കണക്കുകൂട്ടലും.
 നഗരസഭകളിൽ ആലപ്പുഴ പിടിച്ചെടുക്കാമെന്നും മാവേലിക്കര നിലനിറുത്താമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുമ്പോൾ, ആലപ്പുഴയിലും ചേർത്തലയിലും ഭരണത്തുടർച്ചയാണ് യു.ഡി.എഫ് മുന്നിൽകാണുന്നത്. ഹരിപ്പാട് നഗരസഭ് എൽ.ഡി.എഫ് കാര്യമായി പ്രതീക്ഷിക്കുന്നില്ല. കായംകുളത്തും മാവേലിക്കരയിലും കടുത്ത മത്സരമായിരുന്നുവെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. മാവേലിക്കരയിൽ വിജയപ്രതീക്ഷയിലാണ് ബി.ജെ.പി.
 ഗ്രാമപഞ്ചായത്തുകളിൽ സീറ്റ് വർദ്ധന എല്ലാ മുന്നണികളും പ്രതീക്ഷിക്കുന്നു. നിലവിലുള്ളതിനേക്കാൾ കൂടുതൽ പഞ്ചായത്തുകളിൽ ഭരണം നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.