
കായംകുളം: അസുരവാദ്യത്തിൽ വിസ്മയം തീർത്ത കണ്ടല്ലൂർ സദാശിവന് ചെണ്ടവാദ്യത്തോടെ സ്മരണാഞ്ജലി. കരുണ സാമൂഹികവേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സൂര്യനാരായണൻ, ഹരിഗോവിന്ദ്, അഭിജിത്ത്, നീലകണ്ഠൻ എന്നിവരാണ് ചെണ്ടവാദ്യത്തിലൂടെ ആശാന് പ്രണാമം അർപ്പിച്ചത്.
ചെണ്ടവാദ്യത്തിന്റെ തെക്കൻചിട്ടയുടെ പ്രയോക്താവായ കണ്ടല്ലൂർ ആശാൻ കോട്ടയ്ക്കൽ കുട്ടൻമാരാർ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, കലാമണ്ഡലം ചന്ദ്രമന്നാഡിയാർ എന്നീ പ്രഗത്ഭരോടൊപ്പം ഒരേവേദിയിൽ നിറഞ്ഞുകൊട്ടിയിട്ടുണ്ട് . കേരളത്തിലെ ഏറ്റവും മികച്ച കഥകളി ചെണ്ടവാദ്യക്കാരൻ കൂടിയായിരുന്ന അദ്ദേഹം ഗുരു ചെങ്ങന്നൂർ, മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻകുട്ടി നായർ എന്നിവരുടെ കഥകളി വേഷത്തിന് ചെണ്ട വായിച്ചിട്ടുണ്ട് .
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ അനുസ്മരണം ഉദ്‌ഘാടനം ചെയ്തു. കരുണ പ്രസിഡന്റ് എൻ. രാജ്‌നാഥ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചെണ്ടവാദ്യ വിദഗ്ദ്ധൻ പ്രൊഫ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി.കലാമണ്ഡലം കൃഷ്ണപ്രസാദ്, കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ, ഡോ. പി. രാജേന്ദ്രൻ നായർ, കെ. രാജേഷ് കുമാർ, എച്ച്. ചന്ദ്രസേനൻ നായർ, ശ്രീകാന്ത്, നിതീഷ്, എന്നിവർ സംസാരിച്ചു.