
ആലപ്പുഴ: നഗരസഭാ പരിധിയിൽ സീ വ്യൂ വാർഡിൽ ബാപ്പു വൈദ്യർ ജംഗ്ഷൻ മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് രണ്ട് കിലോമീറ്ററോളം കനാൽ നികത്തുന്നതിനെതിരെ അഭിഭാഷകനായ അഡ്വ. സുഭാഷ് എം.തീക്കാടൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. പൊതു ആവശ്യങ്ങൾക്കായി തണ്ണീർത്തടം നികത്തുന്നതിന് സംസ്ഥാനതല സമിതിയുടെ ശുപാർശ പ്രകാരം സർക്കാരിന്റെ അനുമതി ആവശ്യമാണെന്നിരിക്കേ, യാതൊരു അനുമതിയും വാങ്ങാതെ നടത്തിയ നികത്തൽ ഗുരുതര കുറ്റകൃത്യമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലിന്റെ വീതി നിലനിർത്തിക്കൊണ്ടുതന്നെ രണ്ടു ഭാഗത്തും സംരക്ഷണ ഭിത്തിയും, സൗന്ദര്യവത്കരണവും, സീവേജ് സംവിധാനവും നടപ്പിലാക്കാൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഇത് അട്ടിമറിച്ചുകൊണ്ടാണ് കിഫ്ബി ഫണ്ടുപയോഗിച്ച് രണ്ട് മീറ്റർ കാന സ്ഥാപിച്ച്, ഇരുവശത്തും നടപ്പാതയൊരുക്കുന്ന പദ്ധതികൊണ്ടുവന്ന് നികത്തൽ ആരംഭിച്ചതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ജലസേചനവകുപ്പും, ആലപ്പുഴ കനാൽ മാനേജ്മെന്റ് അതോറിറ്റിയും ചേർന്നാണ് പ്രവൃത്തികൾ നടത്തുന്നത്. നെൽവയൽ - തണ്ണീർത്തട നിയമത്തെ അട്ടിമറിച്ച് നിയമവിരുദ്ധമായി നികത്തൽ നടത്തിയ ഉദ്യോഗസ്ഥർക്കും, കരാറുകാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.