തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു
ആലപ്പുഴ: തെരുവുനായകളുടെ വന്ധ്യംകരണ പദ്ധതി ഫലപ്രദമായി നടക്കുന്നെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ജില്ലയിൽ നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണം ദിവസം തോറും വർദ്ധിക്കുന്നു. റോഡിലും വീട്ടുമുറ്റത്തും പോലും ഏതു സമയവും നായകളുടെ ആക്രമണം ഉണ്ടായേക്കാം.
.റെയിൽവേ സ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും നായകൾ ഭീഷണിയാണ്. രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങുന്നവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ വർഷം ഒട്ടേറെപ്പർക്ക് നായ്ക്കളുടെ കടിയേറ്റിരുന്നു. തുടർന്ന് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയെങ്കിലും ലോക്ക് ഡൗണിൽ പദ്ധതി പ്രതിസന്ധിയിലായി. ആലപ്പുഴ നഗരം, മുഹമ്മ എന്നിവിടങ്ങളിലാണ് തെരുവുനായശല്യം കൂടുതൽ. എല്ലാ താലൂക്കുകളിലും തെരുവുനായ വന്ധ്യംകരണകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ട് താലൂക്കുകളിൽ മാത്രമാണ് പ്രാവർത്തികമായത്. ചേർത്തലയിലും മാവേലിക്കരയിലും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള തെരുവുനായ വന്ധ്യംകരണ പദ്ധതി കുടുംബശ്രീ മിഷൻ ഏറ്റെടുത്തെങ്കിലും ഇതിന്റെ നടത്തിപ്പിൽ ഫണ്ടിന്റെ തടസമുണ്ട്.
ഈ വർഷം തെരുവ് നായ്ക്കളുടെ കടിയേറ്റവർ ...................... 4500
മോണിട്ടറിംഗ് കമ്മിറ്റി ഇല്ല
തെരുവുനായ വന്ധ്യംകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കാത്തതും പദ്ധതി നടത്തിപ്പിന് തിരിച്ചടിയാണ്. 7 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയിൽ രണ്ടുപേർ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനളുടെ പ്രതിനിധികളായിരിക്കണം. എന്നാൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനകളില്ല.
കുടുംബശ്രീയുടെ റോൾ
കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജില്ലയിൽ തെരുവുനായകളുടെ വന്ധ്യംകരണം നടത്തുന്നത്.
കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലും രണ്ട് ഗ്രൂപ്പുകളാണ് ഇതിനായി രംഗത്തുള്ളത്.
ഒരു നായയ്ക്ക് 2100 രൂപ
95 നായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ ചെലവിനുള്ള തുകയാണ് ഓരോ പദ്ധതിയിലും തദ്ദേശ സ്ഥാപനങ്ങൾ വകയിരുത്തുന്നത്. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ കുടുംബശ്രീ മിഷൻ ഏറ്റെടുത്തത്. 2100 രൂപയാണ് ഒരു തെരുവുനായയുടെ വന്ധ്യംകരണത്തിന് കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിഫലം. തുക ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഫണ്ടിൽനിന്നാണ് നൽകുന്നത്.
'' കേരളത്തിൽ തെരുവുനായകളുടെ മികച്ച വന്ധ്യംകരണ യൂണിറ്റുകളിൽ ഒന്നാണ് ആലപ്പുഴ. കൊവിഡും തിരഞ്ഞെടുപ്പും പ്രതികൂലമായിബാധിച്ചിട്ടുണ്ട്. പ്രശ്നം ഉടൻ പരിഹരിക്കും.
( കുടുംബശ്രീ മിഷൻ ജില്ല അധികൃതർ)