thaha

സോഷ്യൽ മീഡിയയിൽ ബാലകവിതകളുമായി ചന്തിരൂർ താഹ

എരമല്ലൂർ: അനന്തമായി നീളുന്ന കൊവിഡ് നാളുകൾക്കിടെ, തുടർച്ചയായ 101 ദിവസം 101 ബാലകവിതകൾ എഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യകാരൻ ചന്തിരൂർ താഹ കുഞ്ഞുമനസുകളിലാകെ നിറമുള്ള സാന്നിദ്ധ്യമായി നിറയുന്നു.

ഒരു ദിവസം ഒരു കവിത എന്നതായിരുന്നു കണക്ക്. പരിസ്ഥിതിയും പരിസ്ഥിതി സംരക്ഷണവുമാണ് പ്രധാന വിഷയങ്ങൾ.

കൊവിഡ് കാലത്ത് വീടുകളിൽ മാത്രം കഴിയേണ്ടി വന്ന കുട്ടികളുടെ വിരസത മാറ്റാനും വിനോദവും വിജ്ഞാനവും മാനസിക ഉല്ലാസവും അവരിൽ നിറയ്ക്കാനുമാണ് ചെറു കവിതകളിലൂടെ താൻ ശ്രമിച്ചതെന്ന് താഹ പറയുന്നു. 1986ൽ നീലംപേരൂർ മധുസൂദനൻ നായരുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ തത്തമ്മ എന്ന കുട്ടികളുടെ മാസികയിൽ ഒരു കഥ എഴുതിക്കൊണ്ടാണ് കുട്ടിയെഴുത്തിന് തുടക്കം കുറിച്ചത്. ഇന്ന് കേരളത്തിൽ പ്രസിദ്ധീകരിക്കുന്ന, കുട്ടികളുടെ മാസികകളിൽ നിരന്തര സാന്നിദ്ധ്യമായ താഹ (50) എഴുത്ത് വഴികളിൽ 35 വർഷം പിന്നിടുന്നു. നാലുവരികളിൽ നാനാഴി അർത്ഥം കൊള്ളുന്ന ആയിരത്തിനുമേൽ കവിതകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആകാശവാണിയിൽ കുട്ടികൾക്ക് വേണ്ടി പരിപാടികൾ അവതരിപ്പിച്ചും കവിതകൾ ചൊല്ലിയും കഥകൾ പറഞ്ഞും കുട്ടികളുടെ പ്രിയങ്കരനായ കൂട്ടുകാരനാണിപ്പോൾ കവി. കുട്ടികൾക്കും മുതിർന്നവർക്കുമായി പതിന്നാലോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സംസ്ഥാന മിനിക്കഥാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ ചെറുതും വലുതുമായ അനേകം പുരസ്കാരങ്ങളും സ്വന്തമാക്കി. സീഫുഡ്സിൽ സൂപ്പർവൈസറാണ്. ചന്തിരൂരിൽ താമസിക്കുന്നു. കുഞ്ഞുമുഹമ്മദ് - ഹവ്വാ ഉമ്മ ദമ്പതികളുടെ മകനാണ്. റഹീനയാണ് ഭാര്യ. മകൾ ഹന ഫാത്തിമ.