
ആലപ്പുഴ: ഭക്ഷണമില്ലാത്തതിന്റെ പേരിൽ ഒരാളുടെ പോലും മിഴി നിറയാതിരിക്കാൻ തുടങ്ങിയ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി നാലാം വർഷത്തിലേയ്ക്ക് കടന്നു. സ്പെഷ്യൽ വിഭവങ്ങളടങ്ങിയ പൊതിച്ചോറാണ് വാർഷിക ദിനത്തിൽ . പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കള രക്ഷാധികാരി അഡ്വ.ആർ.റിയാസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. വാർഷികം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജീവതാളം ചെയർമാൻ കെ.ഡി.മഹീന്ദ്രൻ, ട്രഷറർ എൻ.പി.സ്‌നേഹജൻ, അഡ്വ.ഷീന സനൽകുമാർ, പി.എ. ജുമൈലത്ത്, വി.കെ. ഉല്ലാസ്,പി. വിനീതൻ, കെ.വി.രതീഷ്, നൗഷാദ് പുതുവീട് തുടങ്ങിയവർ പങ്കാളികളായി.നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി മൂന്ന് വർഷം പൂർത്തിയാക്കിയതെന്ന് പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് രക്ഷാധികാരി അഡ്വ.ആർ.റിയാസ് പറഞ്ഞു. മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ 80 വാർഡുകളിലായി 400 പേർക്കാണ് ഈ പദ്ധതി വഴി രണ്ടുനേരം ഭക്ഷണം എത്തിക്കുന്നത്. ഒരു ഊണിന് 20 രൂപ എന്ന നിലയിൽ സ്‌പോൺസർഷിപ്പ് നൽകുവാൻ തയ്യാറായി നിരവധിപേർ വരുന്നുണ്ട്.