
കുട്ടനാട്: ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ നാടിനാകെ അക്ഷരവെളിച്ചം പകർന്ന പി.എൻ.പണിക്കർ ജനിച്ചു വളർന്ന വീടും സ്ഥലവും ബന്ധുക്കൾ സർക്കാരിന് സമർപ്പിച്ചു. നീലംപേരൂർ പഞ്ചായത്ത് പുതുവായിൽ അദ്ദേഹത്തിന്റെ പേരിലുള്ള വീടും ഏഴ് സെന്റ് സ്ഥലവും മക്കളും ബന്ധുക്കളും ഇന്നലെ ഉച്ചയോടെ മങ്കൊമ്പ് സബ് രജിസ്ട്രാർ ഓഫീസിലെത്തിയാണ് സൗജന്യമായി എഴുതി നൽകിയത്.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനും മകനുമായ എൻ. ബാലഗോപാലിന്റ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ രേഖകൾ കൈമാറി. വസ്തുവകകൾ സർക്കാരിലേക്ക് കൈമാറാനുള്ള താത്പര്യം സബ് രജിസ്ട്രാർ ഓഫീസർ സന്തോഷ്‌കുമാറിനെ അറിയിച്ചതോടെ നടപടികൾ പൂർത്തീകരിച്ച് ഏറ്റെടുക്കുകയായിരുന്നു. പി.എൻ. പണിക്കരുടെ പിൻമുറക്കാരായ റിട്ട.രജിസ്ട്രാർ സീനാ മാലിക്, ഫൗണ്ടേഷൻ ഡയറക്ടർ ക്യാപ്ടൻ രാജീവ് നായർ എന്നിവർ ഉൾപ്പെടെ ഇരുപതോളം കുടുംബാംഗങ്ങൾ എത്തിയിരുന്നു.
നീലംപേരൂരിലെ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1950 മാർച്ച് ഒന്നിന് ജനിച്ച നാരായണ പണിക്കർ പിന്നീട് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകരിലൊരാളായി മാറി. 1999 മാർച്ച് 19നാണ് നിര്യാതനായത്.