s

വരവ് വാഴക്കുലകൾക്ക് വി​ലക്കുറവ്

ആലപ്പുഴ: തമിഴ്നാട്ടിൽ നിന്നുൾപ്പെടെ കുറഞ്ഞ വിലയ്ക്ക് വാഴക്കുലകൾ വിപണിയിലെത്തിയതോടെ നാടൻ വാഴക്കുലകളു‌ടെ വി​ല കുത്തനെയി​ടി​ഞ്ഞത് കർഷകർക്ക് തരിച്ചടിയായി​. കിലോഗ്രാമിന് 20 രൂപ പോലും കിട്ടാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.

തമിഴ്‌ നാടി​നു പുറമേ പാലക്കാട്,കോട്ടയം എന്നിവിടങ്ങളിൽ നിന്നുമാണ് കുറഞ്ഞ വി​ലയ്ക്ക് ജി​ല്ലയി​ലേക്ക് ഏത്തൻ ഉൾപ്പെടെയുള്ള കുലകൾ എത്തുന്നത്. ഇതോടെ നാട്ടിലെ കർഷകർ കൊണ്ടു വരുന്ന വാഴക്കുലകൾ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. ജില്ലയിൽ ചാരുംമൂട്ടിലാണ് വാഴ കൃഷി വ്യാപകമായി​ട്ടുള്ളത്. ഏക്കർ കണക്കിന് സ്ഥലത്ത് ഏത്തവാഴ കൃഷി ചെയ്തവരാണ് വില കിട്ടാതെ വെട്ടിലായത്. കുടുംബശ്രീയുടെ നേതൃത്വത്തിലും വാഴകൃഷിയുണ്ട്. 100 രൂപയ്ക്ക് 5 കിലോ ഏത്തപ്പഴം വരെ വഴിയോര കച്ചവടക്കാർ വിൽക്കുന്നുണ്ട്. പെട്ടി​ ഓട്ടോകളിലും ഉന്തു വണ്ടി​കളി​ലും കൊണ്ടു വന്നാണ് കച്ചവടം. നാട‌ൻ കായയുടെ ഗുണം ഇവയ്ക്കില്ല. എങ്കി​ലും വിലക്കുറവിന്റെ പേരിൽ ആളുകൾ ഇവ വാങ്ങി​പ്പോവുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് ആവശ്യം പോലെ ഏത്തക്കുലകൾ ജില്ലയിലെ പ്രധാന മാർക്കറ്റുകളിലൊന്നായ വഴിച്ചേരി മാർക്കറ്റിൽ ദിവസവും എത്തുന്നുണ്ട്.

ഏത്തപ്പഴം കുറഞ്ഞ വി​ലക്കെങ്കി​ലും വി​റ്റ് പോകുന്നുണ്ടെങ്കി​ലും നാട്ടിൽ വിളയിച്ച റോബസ്റ്റ, പാളയംകോടൻ വാഴക്കുലകൾക്ക് ആവശ്യക്കാർ തീരെയി​ല്ലെന്ന് കർഷകർ പറയുന്നു. കൊവിഡ് വ്യാപനത്തെ തുടർന്നും കച്ചവടത്തിൽ കുറവുണ്ടായിരുന്നു. ഹോട്ടലുകളിൽ ഉപഭോക്താക്കൾ കുറവായതും കുലയ്ക്ക് ഡിമാൻഡ് ഇടിയാൻ മറ്റൊരു കാരണമാണ്. ക്ഷേത്രങ്ങളിലേക്ക് ആവശ്യമായിരുന്ന കദളിക്കുലകൾ കൃഷി ചെയ്തിരുന്നവരും ഇപ്പോൾ പരാധീനതയിലാണ്. ക്ഷേത്രങ്ങളിൽ ചടങ്ങുകൾ കുറവായതാണ് കാരണം.

മുൻ വർഷങ്ങളിൽ ഈ സമയത്തെ വില

ഏത്തൻ : കിലോഗ്രാമിന് 30 രൂപ

റോബസ്റ്റ,പാളയംകോടൻ : കിലോഗ്രാമിന് 20 രൂപ

ഇപ്പോൾ

ഏത്തൻ : കിലോഗ്രാമിന് 20 രൂപ

റോബസ്റ്റ,പാളയംകോടൻ : കിലോഗ്രാമിന് 8 മുതൽ 10 രൂപവരെ

മേട്ടുപ്പാളയം കുലകൾ

വേനൽക്കാല വാഴ കൃഷിയുടെ വിളവെടുപ്പ് സമയമാണിത്. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തു നിന്നെത്തുന്ന കായക്കുലകൾക്കും വിലയില്ല. റോഡരികിൽ പലയിടത്തും വിൽപ്പന നടത്തുന്നത് തമിഴ്നാടൻ കുലകളാണ്. വയനാടൻ കായ്ക്കൾക്കാണ് സ്വാദും ഗുണവും കൂടുതലെങ്കിലും ജില്ലയിലേക്ക് കൂടുതൽ എത്തുന്നത് മേട്ടുപ്പാളയം കുലകളാണ്. കായ്ക്ക് വിലകുറവാണെങ്കിലും ബേക്കറികളിലും ചിപ്സ് കടകളിലും ഏത്തയ്ക്ക വിഭവങ്ങൾക്ക് വില കുറഞ്ഞിട്ടില്ല.

'' തമിഴ്നാട്ടിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാഴക്കുലകൾ എത്തുന്നത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. പലരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കൃഷിയിറക്കാൻ ചിലവായ പണം പോലും ലഭിക്കാറില്ല.

(സോമൻ, വാഴക്കർഷകൻ)