1

ചാരുംമൂട് : തിരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട സി.പി.എം പാലമേൽ പഞ്ചായത്തിൽ മയക്കുമരുന്ന് മാഫിയയുടെ പിന്തുണയോടെ വ്യാപക അക്രമം അഴിച്ചു വിടുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എം.വി. ഗോപകുമാർ ആരോപിച്ചു. സി.പി.എമ്മിന്റെ ഗുണ്ടായിസത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്നും ഗോപകുമാർ പറഞ്ഞു.

അക്രമികൾ തല്ലിത്തകർത്ത പാലമേൽ പഞ്ചായത്തിലെ ആറാം വാർഡ് എൻ.ഡി.എ സ്ഥാനാർഥി കുടശ്ശനാട് ധനശ്രീ വീട്ടിൽ ആർ. ധനിൽ കുമാറിന്റെ കടയും വീടും, ബി.ജെ.പി പ്രവർത്തകനായ സുരേന്ദ്രന്റെ വീടും, അക്രമത്തിൽ സാരമായി പരിക്കേറ്റ് പന്തളം സി.എം. ഹോസ്പിറ്റലിൽ കഴിയുന്ന യുവമോർച്ച യൂണിറ്റ് സെക്രട്ടറി കൊട്ടാരത്തിൽ ജയകൃഷ്ണനെയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. കെ.കെ. അനൂപ്, ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, സെക്രട്ടറി അനിൽ പുന്നക്കാകുളങ്ങര, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നവാസ് ആദിക്കാട്ടുകുളങ്ങര, കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ പാർവ്വണേന്ദു, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം അഡ്വ.എം.എസ്. ഉണ്ണിത്താൻ, നിയോജകമണ്ഡലം കമ്മിറ്റിയംഗം സോമൻ,ഏരിയ പ്രസിഡന്റ് അജിത് കുമാർ, ബി.ജെ.പി നേതാക്കളായ ജയിംസ് വള്ളികുന്നം, അരുൺ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.