പൂച്ചാക്കൽ: ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയായിട്ടും നടപടിയില്ല. വ്യാഴാഴ്ച രാത്രി, ചേർത്തല- അരൂക്കുറ്റി റൂട്ടിൽ ഗീതാനന്ദപുരം ജംഗ്ഷനിൽ മാക്കേകടവിലെ പ്ലാന്റിൽ നിന്നു നീലംകളങ്ങരയിലെ പമ്പ് സ്റ്റേഷനിലേക്കുള്ള പൈപ്പാണ് പൊട്ടിയത്. ഇതോടെ ആയിരത്തിലധികം വീടുകളിലേക്കുള്ള ജലവിതരണം പൂർണ്ണമായും നിലച്ചു.

ഇവിടെ റോഡും ഭാഗികമായി തകർന്നിട്ടുണ്ട്. ജലവിതരണം എന്ന് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നില്ല. എടപ്പങ്ങഴി ജംഗ്‌ഷനിൽ ഒരു മാസം മുമ്പ് പൈപ്പ് പൊട്ടി ഒരാഴ്ച പമ്പിംഗ് നിറുത്തിവച്ചിരുന്നു. കായലോര മേഖലയിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ നെട്ടോട്ടത്തിലാണ്. കായലിൽ ഉപ്പു വെള്ളമായതിനാൽ പരിസരത്തെ കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസുകളിലും ഉപ്പുരസമുള്ള വെള്ളമാണ് കിട്ടുന്നത്. ജപ്പാൻ കുടിവെള്ള വിതരണം പുന:സ്ഥാപിക്കുന്നതു വരെ, ടാങ്കറുകൾ വഴി ശുദ്ധജലം എത്തിക്കാൻ സംവിധാനം ഉണ്ടാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൗൺസിലർ ബിജുദാസ് കളക്ടറോട് ആവശ്യപ്പെട്ടു.