ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഇന്നലെ നഗരത്തിൽ ബേക്കറികളിലും കടകളിലും നല്ല തിരക്കനുഭവപ്പെട്ടു. ക്രിസ്മസിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു എല്ലാവരും.
മിന്നിത്തെളിയുന്ന അലങ്കാര ബൾബുകളും മറ്റ് അലങ്കാര സാമഗ്രികളുമെല്ലാം കടകളിൽ നിറഞ്ഞു നിന്നു. കേക്കും വൈനും അടങ്ങിയ ഗിഫ്റ്റ് പായ്ക്കറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. 500 രൂപ മുതലാണ് ഇതിന്റെ വില. .പടക്ക വിപണിയും സജീവമായിരുന്നു. അപകടം കുറവുള്ള തരത്തിലെ പടക്കങ്ങൾക്കായിരുന്നു ആവശ്യക്കാർ കൂടുതൽ. ക്രിസ്മസ് ആഘോഷങ്ങളിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും മൊബൈൽ, ബൈക്ക് പട്രോളിംഗ് ശക്തിപ്പെടുത്തി. അത്യാവശ്യ സ്ഥലങ്ങളിൽ പിക്കറ്റുകൾ ഏർപ്പെടുത്തി. തിരക്ക് ഉണ്ടാകാൻ സാദ്ധ്യതയുള്ള ആരാധനാലയങ്ങളിൽ പൊലീസിന്റെ പ്രത്യേക സുരക്ഷയാണ് ഒരുക്കിയത്. വ്യാപാര സ്ഥാപനങ്ങളിൽ തിരക്കു നിയന്ത്രിച്ച് ഉപഭോക്താക്കൾക്കു ഗ്ലൗസ്, സാനിട്ടൈസർ, മാസ്‌ക് എന്നിവ ഉറപ്പ് വരുത്തിയാണ് കടയ്ക്കുള്ളിൽ പ്രവേശിപ്പിച്ചത്. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ക്രിസ്മസ് ദിനങ്ങളിൽ കായൽ ടൂറിസം ആസ്വദിക്കാൻ ധാരാളം പേരാണ് അന്യ സംസ്ഥാനത്ത് നിന്ന് എത്തി.
ഇറച്ചി വിപണി ഉഷാർ
ക്രിസ്മസിനോടനുബന്ധിച്ച് ഇറച്ചിക്കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത് . കുട്ടനാടൻ താറാവുകൾക്കാണ് പ്രിയം. 350 രൂപയാണ് താറാവിന് വില. പോത്ത് ഇറച്ചിയ്ക്കും ആവശ്യക്കാരൊത്തിരിയായിരുന്നു.കോഴി ഇറച്ചിയുടെ വിലക്കുറവ് ഉപഭ്ക്താക്കൾക്ക് ആശ്വാസമായി. ലൈവ് ഇറച്ചിക്ക് കിലോയ്ക്ക് 100ൽ താഴെയായിരുന്നു വില.പോത്തിറച്ചിക്ക് കിലോഗ്രാമിന് 340 രൂപയും മട്ടന് കിലോയ്ക്ക് 650 രൂപയുമായിരുന്നു ഇന്നലെ വില.