ഹരിപ്പാട്: ഹരിപ്പാട് നഗരസഭയിൽ മികച്ച വിജയം നേടുമെന്ന അവകാശവാദവുമായി മുന്നണികൾ. മിക്ക വാർഡുകളിലും ത്രികോണ മത്സരമാണ് നടന്നത്. 29 വാർഡുകളുള്ള നഗരസഭ ഭരിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫും, എൽ.ഡി.എഫും. എന്നാൽ എൻ.ഡി.എ പത്തോളം സീറ്റുകളിൽ വിജയം ഉറപ്പിച്ച് പറയുന്നു.

കഴിഞ്ഞ തവണ 22 സീറ്റിൽ യു.ഡി.എഫും, അഞ്ച് സീറ്റിൽ എൽ.ഡി.എഫും, ഒരു സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ സ്വതന്ത്രനുമാണ് വിജയിച്ചത്. ചില വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വെല്ലുവിളി സൃഷ്ടിച്ചു.

ഇത്തവണയും ഭരണം നിലനിർത്തുമെന്ന് തന്നെയാണ് യു.ഡി.എഫ് വിലയിരുത്തൽ. 24 സീറ്റുകളിൽ വിജയം ഉറപ്പാണെന്നും അവർ പറയുന്നു.

വി​കസനപ്രവർത്തനം അനുകൂലമാകും

കഴിഞ്ഞ അഞ്ചുവർഷത്തെ മികച്ച ഭരണവും രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും അനുകൂലമാണെന്ന് യുഡിഎഫ് നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എസ്.ദീപു പറഞ്ഞു. നഗരസഭാ മന്ദിരത്തിന്റെ നിർമ്മാണം, നഗരസഭയിലെ കീഴിലുള്ള ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും എന്നിവയും ജനങ്ങൾ വോട്ട് ചെയ്യാൻ കാരണമായി. മിക്ക വാർഡുകളിലും ബി.ജെ.പി, എൽ.ഡി.എഫ് സഖ്യം ഒത്തുകളിച്ച് ദുർബല സ്ഥാനാർത്ഥികളെ നിർത്തിയത് യു.ഡി.എഫിന് പ്രതികൂലമാണെന്നും യുഡിഎഫ് നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എസ്.ദീപു പറഞ്ഞു.

കാലാവസ്ഥ എൽ.ഡി​. എഫി​ന് അനുകൂലം

എൽ.ഡിഎഫിന് ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് മുനിസിപ്പൽ പാർട്ടി കമ്മിറ്റി സെക്രട്ടറി എം സത്യപാലൻ പറഞ്ഞു. 20 സീറ്റുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കും. നഗരസഭയുടെ മുൻ ഭരണസമിതിയുടെ ഭരണവിരുദ്ധ വികാരം എല്ലാ വാർഡുകളിലും ഉണ്ടായിരുന്നു. പ്രചാരണവേളയിൽ തന്നെ അത് വ്യക്തമായിട്ടുണ്ട്. കൂടാതെ ഭരണകക്ഷി അംഗങ്ങൾ തമ്മിലുള്ള അനൈക്യവും എൽ.ഡി.എഫിന് അനുകൂലമാണ്. ഒപ്പം എൽ.ഡി.എഫ് ഗവൺമെന്റിന്റെ ഭരണ നേട്ടങ്ങൾക്കും ജനങ്ങൾ വോട്ട് ചെയ്തു. പല വാർഡുകളിലും കോൺഗ്രസും ബിജെപിയും തമ്മിൽ ഉള്ള ബന്ധം തെളിവ് സഹിതം പുറത്തു വന്നതും എൽ.ഡി.എഫിന് അനുകൂലമായിട്ടുണ്ടെന്ന് മുനിസിപ്പൽ പാർട്ടി കമ്മിറ്റി സെക്രട്ടറി എം സത്യപാലൻ പറഞ്ഞു.

മികച്ച പ്രകടനം കാഴ്ച വയ്ക്കും
എൻ.ഡി.എ നഗരസഭയിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് പറഞ്ഞു. എട്ട് മുതൽ പത്ത് സീറ്റിൽ വരെ വിജയ പ്രതീക്ഷയുണ്ട്. നഗരസഭ ഭരണ സമിതിയുടെ ഭരണപരാജയം, സംസ്ഥാന സർക്കാരിന്റെ അഴിമതിയും ബിജെപിക്ക് അനുകൂലമായി. ബിജെപിയെ പരാജയപ്പെടുത്തുവാൻ എൽഡിഎഫും യു.ഡി.എഫും ഒത്തുകളിച്ച് പല വാർഡുകളിലും മോശം സ്ഥാനാർത്ഥികളെയാണ് നിർത്തിയത്. ഇത്തരത്തിൽ വോട്ടുകൾ നഷ്ടപ്പെട്ടാൽ മാത്രമേ ബിജെപിക്ക് തിരിച്ചടി ഉണ്ടാകൂ. കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിട്ട് ലഭിച്ച ജനങ്ങൾ ബി.ജെ.പിയ്ക്ക് അനുകൂലമായി തന്നെയാണ് വോട്ട് ചെയ്തിരിക്കുന്നത്.