
ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ നേരിയ ഇളവു വന്നതോടെ, ഓണക്കാലത്ത് കൈവിട്ട കച്ചവടത്തിന്റെ പാതിയെങ്കിലും ക്രിസ്മസ്, പുതുവത്സര നാളുകളിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് വിപണി. വമ്പൻ ഓഫറുകളുമായി കമ്പനികളും രംഗത്തുണ്ട്.
സൂപ്പർ മാർക്കറ്റുകളിലും വസ്ത്രവ്യാപാര -ഗൃഹോപകരണ സ്ഥാപനങ്ങളിലുമാണ് ക്രിസ്മസ് സ്പെഷ്യൽ ഐറ്റങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. കമ്പനികൾ നൽകുന്ന ഓഫറുകൾക്കുപുറമേ കടകളിൽ നിന്ന് 1,000 രൂപ മുതലുള്ള സാധനങ്ങൾ വാങ്ങുമ്പോൾ നറുക്കെടുപ്പും സമ്മാനങ്ങളുമുണ്ട്. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും കേക്കുകൾക്ക് വമ്പിച്ച ഒാഫറുകളാണ്. പ്ലം, കാരറ്റ് ഇനങ്ങൾക്കാണ് ഓഫറുകൾ കൂടുതൽ. രണ്ട് കേക്ക് വാങ്ങുമ്പോൾ ഒന്ന് സൗജന്യം,
ആകർഷകമായ വിലക്കുറവ് എന്നിവയാണ് കേക്ക് വിപണിയിലേക്ക് ആകർഷിക്കുന്നത്.
..............................
 ഓഫറുകൾ ആവോളം
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ഓഫറുകളിൽ ആകൃഷ്ടരായി കുടുംബസമേതം ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വൺ പ്ലസ് വൺ ഒാഫറുകളും 10 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കിഴിവുമുണ്ട്. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയുടെ മോഡലുകൾ അനുസരിച്ചുള്ള വ്യത്യസ്ത ഒാഫറുകളാണ് നൽകിയിരിക്കുന്നത്. വിലയിൽ വൻ കുറവു വരുത്തുന്ന കാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിങ്ങനെയാണ് ഓഫറുകൾ.