s

ആലപ്പുഴ: ട്രെയിനുകൾ വെട്ടിക്കുറച്ചതോടെ യാത്രാക്ലേശവും, അധികച്ചെലവും മൂലം വലയുകയാണ് പതിവ് യാത്രക്കാ‌ർ. മുംബയ് - കുർള, ചെന്നൈ - ആലപ്പി, മാവേലി, ജനശതാബ്ദി എക്സ്പ്രസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവയിൽ റിസർവേഷൻ സൗകര്യം മാത്രമാണുള്ളത്. ഉടൻ സ്പെഷ്യൽ ട്രെയിനായി സർവ്വീസ്‌ ആരംഭിക്കുന്ന ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസ്സിറ്റി എക്സ്പ്രസിലും മുൻകൂട്ടി ടിക്കറ്റ്‌ റിസർവ്‌ ചെയ്തെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകൂ എന്ന നിബന്ധന സാധാരണക്കരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കും.

200 രൂപയ്ക്ക് സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തിരുന്നവർ പ്രതിമാസം 3000 മുതൽ 4000 രൂപവരെയാണ് ഇപ്പോൾ ബസ് യാത്രയ്ക്കും മറ്റ് സംവിധാനങ്ങൾക്കും വേണ്ടി ചിലവഴിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

ആലപ്പുഴയിൽ നിന്നും വടക്കൻ മേഖലകളിലേയ്ക്ക്‌ ജോലിക്ക്‌ പോകുന്നവർക്ക് ഏറെ സഹായകരമായ ആലപ്പുഴ - ധൻബാദ്‌ എക്സ്പ്രസ്‌, നാഗർ കോവിൽ - മംഗലാപുരം ഏറനാട്‌ എക്സ്പ്രസ് എന്നിവയും ഉടൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എ.എം. ആരിഫ്‌ എം.പി കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. യാത്രപുറപ്പെടുന്നതിനു മുമ്പായി കൗണ്ടറുകളിൽ നിന്നും റിസർവ്വേഷൻ ടിക്കറ്റ്‌ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും റെയിൽവേ മന്ത്രി പീയൂഷ്‌ ഗോയലിന്‌ അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സർവീസ് നടത്തുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് വെട്ടിച്ചുരുക്കിയതാണ് മറ്റൊരു പ്രതിസന്ധി. പല ട്രെയിനുകൾക്കും പ്രധാന സ്റ്റേഷനായ ആലപ്പുഴ മാത്രമാണ് സ്റ്റോപ്പുള്ളത്.

യാത്രക്കാർക്ക് തിരിച്ചടി

റിസർവേഷൻ സൗകര്യം മാത്രമുള്ളത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നു

സ്റ്റോപ്പുകളുടെ എണ്ണം വെട്ടിക്കുറച്ചു

പാസഞ്ചർ ട്രെയിൻ ഇല്ലാത്തതിനാൽ ചാർജ് ഇനത്തിൽ കനത്ത നഷ്ടം

ആവശ്യത്തിന് ട്രെയിനും സ്റ്റോപ്പുകളും ഇല്ലാത്തത് മൂലം യാത്രക്കാർ അനുഭവിക്കുന്ന സാമ്പത്തിക നഷ്ടവും, സമയ നഷ്ടവും കൂടുതലാണ്. കൂടുതൽ ട്രെയിനുകൾ എത്തിയാൽ മാത്രമേ പ്രതിസന്ധി മറികടക്കാനാവൂ

- വേളോർവട്ടം ശശികുമാർ, ദക്ഷിണമേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ