മുതുകുളം: മുതുകുളം പഞ്ചായത്തിൽ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. കഴിഞ്ഞ തവണത്തേക്കാൾ കുറവായിരുന്നു പോളിംഗ്. എങ്കിലും ഭേദപ്പെട്ട പോളിംഗായിരുന്നുവെന്നും അത് തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലുമാണ് ഓരോ മുന്നണികളും. 73.55 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. 2015ൽ ഇത് 78.96ആയിരുന്നു.
മുതുകുളത്ത് ഏറ്റവും അധികം പേർ പോളിംഗ് ബൂത്തിലെത്തിയത് 11-ാം വാർഡായ ഈരയിലാണ്. 81.2 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി. കുറവ് അഞ്ചാം വാർഡായ കരുണാമുറ്റത്തും. 72.1 ശതമാനം.
ആകെ 15 വാർഡുകളാണ് പഞ്ചായത്തിലുളളത്. കോൺഗ്രസിലെ വിമത ശല്യം തങ്ങളെ മുന്നിലെത്തിക്കുമെന്നും അങ്ങനെ അധികാരം തിരിച്ചുപിടിക്കാമെന്നുമാണ് എൽ.ഡി.എഫ് നേതാക്കളുടെ കണക്കുകൂട്ടൽ.
എന്നാൽ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയം നേടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
എൻ.ഡി.എയും ആത്മവിശ്വാസത്തിലാണ്. കോൺഗ്രസിലെ വിമതർ കൂട്ടത്തോടെ മത്സരിക്കാനെത്തിയത് ഗുണകരമാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.