മാവേലിക്കര: ജനാധിപത്യത്തിന്റെ ഈറ്റില്ലമായ കേരളം പോലെയൊരു സംസ്ഥാനത്ത് ജോലി ചെയ്തിട്ടും നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന് ജനാധിപത്യത്തോട് പുച്ഛമുണ്ടായത് ബ്യുറോക്രസിയുടെ ഫാസിസത്തോടുള്ള വിധേയത്വം കൊണ്ടാണെന്ന് കോൺഗ്രസ് ലോകസഭാ ചീഫ്‌ വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. ആസൂത്രണകമ്മി​ഷന്റെ പേരും സ്വഭാവവും മാറ്റിയ മോഡി സർക്കാരിന്റെ കോർപ്പറേറ്റ് അജണ്ടകൾ നടപ്പാക്കാനാണ് അമിതാഭ് കാന്തുമാരെ പോലെയുള്ളവരെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണ കമ്മി​ഷന് തുല്യമായ സ്ഥാപനം വേണമെന്ന് ദേശീയ വികസന കൗൺസിലിൽ സംസ്ഥാനങ്ങൾ ഉയർത്തിയ ആവശ്യത്തിന്റെ പ്രസക്തി അമിതാഭ് കാന്തിന്റെ വെളിപാടുകളിലൂടെ കൂടുതൽ പ്രസക്തമായിരിക്കുകയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.