ഹരിപ്പാട്: ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന കരുതൽ ഉച്ചഭക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ഒരു സംരംഭമാണ് കരുതൽ ഇന്ന് സംഘടിപ്പിക്കുന്നത്. നിർധന കുടുംബത്തിന് ധനശേഖരണാർത്ഥം ഉണ്ണിയപ്പം ചലഞ്ച് നടത്തിയാണ് കരുതൽ ഇത്തവണ വ്യത്യസ്തമാകുന്നത്. ഹരിപ്പാട് വെട്ടുവേനി കാർത്തികയിൽ രമാദേവിക്ക് വേണ്ടിയാണ് സംരംഭം. 30 വർഷമായി വാടകവീട്ടിൽ താമസിക്കുന്ന രമാദേവിയുടെ ഭർത്താവ് കഴിഞ്ഞ മേയിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. ഇവരുടെ രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസവും വിവാഹവും നടത്തിയതോടെ കുടുംബം വലിയ കടബാധ്യതയിൽ ആയിരുന്നു. ഇപ്പോൾ രമാദേവി ക്കും ഹൃദയസംബന്ധമായ അസുഖം ഉണ്ടായതോടെ വീടിന്റെ വാടക കൊടുക്കാനോ മരുന്നു വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഈ വിവരം ശ്രദ്ധയിൽ പെട്ട കരുതൽ ഉച്ചഭക്ഷണ കൂട്ടായ്മ ചെയർമാൻ ഷാജി കെ ഡേവിഡ് ആണ് ആശയം മുന്നോട്ട് വെച്ചത്. ഇതിന്റെ ഭാഗമായി ഹരിപ്പാട് കെഎസ്ആർടിസി ബസ്റ്റാൻഡ് തെക്കുവശം ത്രിവേണി സൂപ്പർമാർക്കറ്റ് മുൻപിൽ രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ കരുതൽ കൂട്ടായ്മ ഉണ്ണിയപ്പം ഉണ്ടാക്കി വിൽപന നടത്തുകയാണ്. ഉണ്ണിയപ്പത്തിന് നിശ്ചിത വിലയില്ല. വാങ്ങുന്നവർക്ക് ഇഷ്ടമുള്ള തുക വഞ്ചിയിൽ നിക്ഷേപിക്കാം. ഈ തുക പൂർണമായും രമാദേവിയുടെ കുടുംബത്തിന് കൈമാറും. ഒപ്പം ഉണ്ണിയപ്പം ഉണ്ടാക്കി വി​ൽക്കുന്നതിനായി ഒരു ചെറിയ നിർമ്മാണ യൂണിറ്റ് കൂടി ഈ കുടുംബത്തിന് കരുതൽ നൽകുകയാണ്. ഇത്തരത്തിൽ ഈ കുടുംബത്തിന് ദുരിതത്തിൽ നിന്നും കരകയറാൻ ആകും എന്നുള്ള വിശ്വാസത്തിലാണ് കരുതൽ കൂട്ടായ്മയും പ്രവർത്തകരും.