photo

ആദ്യഗഡുവായ ഒരുലക്ഷം രൂപയുടെ ചെക്ക് വീട്ടിലെത്തി കൈമാറി

ചേർത്തല:പരിമിതമായ ജീവിതസാഹചര്യങ്ങൾക്ക് നടുവിൽ നിന്നും ഡോക്ടറാകാനുള്ള സ്വപ്‌നത്തിലേക്കുള്ള വഴി കഠിനാദ്ധ്വാനത്തിലൂടെ താണ്ടിയ ചേർത്തലയിലെ

സുകൃതിയ്ക്ക് സഹായ ഹസ്തവുമായി അദ്ധ്യാപകർ.പ്രളയകാലത്ത് നാടിനൊപ്പം നിന്ന് അക്ഷീണം പ്രയത്നിച്ച എൻ.എസ്.ഓനക്കുട്ടന്റെ മകൾ സുകൃതി മെഡിക്കൽ എൻട്രൻസ് പരിശീലനം നേടിയ തൃശൂർ പൂങ്കുന്നത്തെ റിജു ആൻഡ് പി.എസ്.കെ ക്ലാസസ് എൻട്രൻസ് പരിശീലന കേന്ദ്രമാണ് എം.ബി.ബി.എസ്. പഠനത്തിനാവശ്യമായ ട്യൂഷൻഫീസ് പൂർണമായും ഏ​റ്റെടുത്തിരിക്കുന്നത്.ട്യൂഷൻ ഫീസിന്റെ ആദ്യഗഡുവായ ഒരുലക്ഷം രൂപയുടെ ചെക്ക് റിജു ആൻഡ് പി.എസ്.കെ ക്ലാസസ് ഡയറക്ടർമാരായ പി.സുരേഷ് കുമാർ, അനിൽകുമാർ,വി.റിജു ശങ്കർ എന്നിവർ ഇന്നലെ സുകൃതിയ്ക്ക് വീട്ടിലെത്തി കൈമാറി.ജീവിതത്തിലെ കഷ്ടപ്പാടുകളെ അതിജീവിച്ച് ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിലെ ഭാവനാലയമെന്ന ചെറിയ വീട്ടിൽ നിന്ന് ഡോക്ടറാകാൻ മകൾ തയ്യാറെടുക്കമ്പോൾ നാടാകെ ഒപ്പമുണ്ടെന്ന സന്തോഷത്തിലാണ് ഓമനക്കുട്ടൻ.
സുകൃതിക്ക് കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസമാണ് മെറി​റ്റിൽ പ്രവേശനം ലഭിച്ചത്. അച്ഛൻ ഓമനക്കുട്ടനിലൂടെയാണ് സുകൃതിയും മലയാളിയ്ക്ക് ആകെ പ്രിയപ്പെട്ട മകളായത്.

കഴിഞ്ഞപ്രളയകാലത്ത് ചേർത്തല തെക്കുപഞ്ചായത്ത് ആറാംവാർഡ് പട്ടികജാതി, പട്ടിക വർഗ കമ്യൂണി​റ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല ഓമനക്കുട്ടനായിരുന്നു. ക്യാമ്പിലെ ഭക്ഷ്യസാധനങ്ങൾ തീർന്നതോടെ ഓമനകുട്ടൻ മുൻകൈയ്യെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു. എന്നാൽ ഓട്ടോയ്ക്ക് കൊടുക്കാൻ കയ്യിൽ പണമില്ലാതെ വന്നതോടെ ക്യാമ്പിലുള്ളവരിൽ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നൽകി.ഇത് സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വൻ വിവാദമായിരുന്നു. പിന്നീട് വസ്തുത ബോദ്ധ്യപ്പെട്ട് സർക്കാരും പാർട്ടി നേതൃത്വവും ഓമക്കുട്ടനെ ഒപ്പം നിർത്തുകയായിരുന്നു.