t

ആലപ്പുഴ: ജില്ലയിലെ മത്സ്യക്ഷാമം മുതലാക്കാൻ മത്സ്യലോബികൾ തന്ത്രങ്ങളുമായി രംഗത്ത്. ജില്ലയിൽ നിന്നുള്ള ബോട്ടുകാർ മൂന്നാഴ്ചയായി നിരാശയോടെയാണ് മടങ്ങിയെത്തുന്നത്. ഇതോടെ, ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങളിൽ അന്യസംസ്ഥാന വിഷമത്സ്യങ്ങൾ കഴിക്കേണ്ട സാഹചര്യമാണ് മത്സ്യവിഭവ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ചെറുമത്സ്യങ്ങൾ സുലഭമാണെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മത്സ്യങ്ങൾക്ക് ക്ഷാമം നേരിടുന്നതിന് പിന്നിൽ വൻകിട മത്സ്യലോബികളാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. അയല, മത്തി, ചൂര, കിളിമീൻ തുടങ്ങിയ ചെറിയ മീനുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ കൂടുതലായി വിറ്റഴിക്കുന്നത്. കേര, വറ്റ, നെയ്മീൻ, ആവോലി, സ്രാവ് തുടങ്ങിയവയ്ക്ക് ക്രിസ്മസ് കാലത്ത് ആവശ്യക്കാരേറുമെന്നത് മുന്നിൽ കണ്ട് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് വലിയ മത്സ്യങ്ങൾക്കാണ് വില്പന കൂടുതൽ. മത്സ്യക്ഷാമം രൂക്ഷമായതോടെ വിലയും കുതിക്കുകയാണ്. ഇപ്പോൾ വിപണിയിലെത്തേണ്ട മത്സ്യങ്ങൾ ഫ്രീസറുകളിൽ സൂക്ഷിച്ചിരിക്കുകയാണ് വൻകിട വ്യാപാരികൾ. ഇങ്ങനെ രാസവസ്തുക്കൾ ചേർന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ പോലും അധികൃതർക്ക് കഴിയാറില്ല.

 പരിശോധന അത്ര പോര

ജില്ലയിൽ നിന്ന് മത്സ്യങ്ങൾ പിടികൂടിയാലും പരിശോധനയ്ക്ക് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലാബുകളെ ആശ്രയിക്കണം. ലാബ് ഇല്ലാത്തതാണ് ജില്ലയിൽ ഭക്ഷ്യ സുരക്ഷാവകുപ്പിന് തിരിച്ചടിയാകുന്നത്. മത്സ്യങ്ങളിലെ വിഷസാന്നിദ്ധ്യം കണ്ടുപിടിക്കാനുള്ള സ്ട്രിപ്പും ആവശ്യത്തിന് ലഭ്യമല്ല. മത്സ്യഫെഡ് വഴി ഗുണനിലവാരമുള്ള മത്സ്യങ്ങൾ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ജില്ലയിലെ ചുരുക്കം ചില ടൗണുകളിൽ മാത്രമാണ് മത്സ്യഫെഡ് വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ വിപണിയിലെത്തുന്നത് തടയാനുള്ള പരിശോധനയും ജില്ലയിൽ ശക്തമല്ല.

 കുഴപ്പം കാലാവസ്ഥയിലും

താരതമ്യേന കടലിൽ മത്സ്യം കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനത്താൽ മീനുകൾ ഗതിമാറി പോയതുമാണു മത്സ്യമേഖലയെ ബാധിച്ചത്. ട്രോളിംഗ് നിരോധനം പിൻവലിച്ച ശേഷം ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ കാര്യമായി മത്സ്യങ്ങൾ കിട്ടാറുണ്ട്. എന്നാൽ കഴിഞ്ഞ നവംബർ അവസാനം മുതൽ കാര്യമായി മത്സ്യങ്ങൾ കിട്ടുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബോട്ടുകൾ അശാസ്ത്രീയവും നിയമവിരുദ്ധമായും കടലിൽ വിഹരിക്കുന്നത് മത്സ്യമേഖലയെ ബാധിച്ചിട്ടുണ്ട്.

...................

ക്രിസ്മസ് കാലം ലക്ഷ്യമിട്ട് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. രാസപദാർത്ഥങ്ങൾ കലർത്തി വില്പന നടത്തുന്ന കച്ചവടക്കാർക്ക് എതിരെ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം പരിശോധനയിൽ പഴകിയ മാംസങ്ങൾ പിടികൂടിയിരുന്നു

(ഭക്ഷ്യവകുപ്പ് അധികൃതർ)