
ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലമറിയാൻ രണ്ടു പകലിരവുകൾ മാത്രം ശേഷിക്കെ ജില്ലയിലെ മൂന്ന് മുന്നണികൾക്കും തോൽക്കാൻ തീരെ മനസില്ല. ജില്ലാതലത്തിലെ വിശദമായ കണക്കെടുപ്പുകൾ കഴിഞ്ഞതോടെ, തങ്ങൾ നില മെച്ചപ്പെടുത്തുമെന്ന ഉത്തമ ബോദ്ധ്യത്തിലാണ് നേതൃത്വങ്ങൾ.
നിലവിൽ ജില്ലാ പഞ്ചായത്തും 12 ബ്ലോക്കു പഞ്ചായത്തുകളിൽ പത്തും ഗ്രാമപഞ്ചായത്തുകളിൽ മുക്കാലും ഇടതു മുന്നണി ഭരണത്തിലാണ്. നഗരസഭകളിൽ മാത്രമാണ് എൽ.ഡി.എഫിന് മുൻതൂക്കമില്ലാത്തത്. നഗരസഭകളിൽ ഒഴികെ മേധാവിത്വം നിലനിറുത്താമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിലെ വിശ്വാസം. എന്നാൽ ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും വൻ മുന്നേറ്റം നടത്താനാവുമെന്ന് യു.ഡി.എഫ് കരുതുന്നു. തങ്ങൾക്ക് അനുകൂലമായ തരംഗം തിരഞ്ഞെടുപ്പിൽ ഉണ്ടായെന്നതാണ് ഈ വിശ്വാസത്തിന് ആധാരം. അഞ്ച് ഗ്രാമപഞ്ചായത്തുകളിലെങ്കിലും തങ്ങളുടെ ഭരണം വരുമെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ 23ൽ 17 ഡിവിഷനും ഇടതിനായിരുന്നു.ഇക്കുറിയും ജില്ലാ പഞ്ചായത്ത് ഭരണം ഇടത്തേക്കു തന്നെ തിരിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. സീറ്റുകളുടെ എണ്ണം കൂടുമെന്ന് എൽ.ഡി.എഫ് നേതൃത്വവും പ്രതീക്ഷിക്കുന്നു.
അതേ സമയം 12 മുതൽ 14 വരെ സീറ്റുകളാണ് ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് പ്രതീക്ഷ. ഇവിടെ എൻ.ഡി.എ അത്ര വലിയ പ്രതീക്ഷയൊന്നും പുലർത്തുന്നില്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചമാക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. നിലവിൽ കൈവശമുണ്ടായിരുന്ന കായംകുളം, മാവേലിക്കര നഗരസഭകൾക്ക് പുറമെ ആലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ നഗരസഭകളും ഇക്കുറി തങ്ങൾക്ക് കിട്ടുമെന്ന് ഇടതുപക്ഷം ഉറപ്പിച്ച് പറയുന്നു. നിലവിൽ 19 അംഗങ്ങളുണ്ടായിരുന്ന ആലപ്പുഴ നഗരസഭയിൽ അംഗബലം 30 ആയി ഉയരുമെന്ന വലിയ പ്രതീക്ഷയാണ് തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച നേതാവ് പ്രകടിപ്പിച്ചത്. കായംകുളം നഗരസഭയിൽ എൽ.ഡി.എഫ് 25 നും 30നുമിടയ്ക്ക് സീറ്റുകൾ കണക്കുകൂട്ടുമ്പോൾ 20-25 സീറ്റുകളാണ് യു.ഡി.എഫ് പ്രതീക്ഷ. എൻ.ഡി.എ വിലയിരുത്തുന്നത് അംഗബലം 15ൽ എത്തുമെന്നും. മാവേലിക്കര നഗരസഭയിൽ ഇടതു, വലത് മുന്നണികൾ ഒപ്പത്തിനൊപ്പം സാദ്ധ്യത കൽപ്പിക്കുമ്പോൾ, എൻ.ഡി.എയുടെ അംഗബലം കുറയാനുള്ള സാദ്ധ്യതയും നിരീക്ഷകർ കാണുന്നു.
27 അംഗ ചെങ്ങന്നൂർ നഗരസഭയിൽ എൽ.ഡി.എഫ് ഇക്കുറി 12ൽ കൂടുതൽ സീറ്റുകളാണ് കണക്കാക്കുന്നത്. യു.ഡി.എഫിന്റെ ഉറച്ച വാർഡിൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയതും ഡെമ്മി സ്ഥാനാർത്ഥി ഇല്ലാതിരുന്നതും ചെറിയ ക്ഷീണമായി. സജി ചെറിയാൻ എം.എൽ.എയുടെ സജീവ ഇടപെടലാണ് ഇടതു മുൻതൂക്കത്തിന് വഴിവയ്ക്കുകയെന്നും വിലയിരുത്തലുണ്ട്.
...............................
# നേതാക്കൾ പറയുന്നു
 ആർ.നാസർ (സി.പി.എം ജില്ലാ സെക്രട്ടറി)
ജില്ലാ പഞ്ചായത്തിൽ ഇടതു മുന്നണി നില മെച്ചപ്പെടുത്തി അധികാരത്തിൽ വരും. ഗ്രാമപഞ്ചായത്തുകളിലും ഇടതു മുന്നേറ്റമുണ്ടാകും. ആലപ്പുഴ, ചേർത്തല അടക്കമുള്ള നഗരസഭകളിലും ഇക്കുറി ഇടത് ആധിപത്യം വരും. ജില്ലയിൽ നടന്നിട്ടുള്ള വികസന പ്രവർത്തനങ്ങളാവും വോട്ടായി മാറുക. പ്രത്യേകിച്ച് മന്ത്രി ജി.സുധാകരന്റെ വകുപ്പിൽ നടത്തിയ പ്രവർത്തനങ്ങൾ
 എം.ലിജു (ഡി.സി.സി പ്രസിഡന്റ്)
ജില്ലാ പഞ്ചായത്തിൽ 12 മുതൽ 14 ഡിവിഷനുകൾ വരെ കിട്ടാൻ സാദ്ധ്യതയുണ്ട്. ഏഴു ബ്ളോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നാണ് വിവിധ മേഖലകളിൽ നിന്നു കിട്ടിയിട്ടുള്ള പ്രതികരണം.കൊവിഡ് ദുരിത കാലത്തും പോളിംഗ് ശതമാനം വളരെ ഉയർന്നത് യു.ഡി.എഫ് അനുകൂല തരംഗമാണ് പ്രകടമാക്കുന്നത്. ഇത്തരം പ്രതികൂല ഘട്ടങ്ങളിൽ പുറത്തിറങ്ങാൻ വിമുഖത കാട്ടുന്ന പരമ്പരാഗത യു.ഡി.എഫ് വോട്ടർമാർ വോട്ടു ചെയ്യാനെത്തിയിട്ടുണ്ട്
 എം.വി.ഗോപകുമാർ (ബി.ജെ.പി ജില്ലാ പ്രസിഡന്റ്)
അഞ്ച് ഗ്രാമപഞ്ചായത്തുകളിലെങ്കിലും എൻ.ഡി.എ അധികാരത്തിലെത്തും. ഇടതു-വലതു മുന്നണികൾ എൻ.ഡി.എയ്ക്കെതിരെ യോജിക്കുന്നതാണ് തിരഞ്ഞെടുപ്പിൽ പലേടത്തും കണ്ടത്. ആ യോജിപ്പ് ഇല്ലായിരുന്നെങ്കിൽ ഇതിൽ കൂടുതൽ പഞ്ചായത്തുകൾ ഞങ്ങൾക്ക് ലഭിച്ചേനെ. നഗരസഭകളിലും മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാവും
.................................
# നിലവിലെ ഭരണം
 ജില്ലാ പഞ്ചായത്ത് (23 ഡിവിഷൻ): എൽ.ഡി.എഫ്-17, യു.ഡി.എഫ്-6
 ബ്ളോക്ക് പഞ്ചായത്തുകൾ (ആകെ 12): എൽ.ഡി.എഫ്-10, യു.ഡി.എഫ്-2
 നഗരസഭ (ആകെ 6): എൽ.ഡി.എഫ്-2, യു.ഡി.എഫ്-4
 ഗ്രാമപഞ്ചായത്ത് (ആകെ 72): എൽ.ഡി.എഫ്-48, യു.ഡി.എഫ്-23
(തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഇടതു-വലതു മുന്നണികളുടെ പിന്തുണയിൽ കേരള കോൺഗ്രസ് വന്നു)